കല്‍പ്പറ്റ നഗരസഭയിലെ മാലിന്യ സംസ്‌കരണത്തിനായി ആധുനിക യന്ത്രോപകരണങ്ങള്‍ സ്ഥാപിച്ച ഹരിത ബയോ പ്ലാന്റ് ആഗസ്റ്റ് 14 ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. മാലിന്യ സംസ്‌കരണ സംവിധാനം കാര്യക്ഷമമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് ആപ്ലിക്കേഷന്‍ സിസ്റ്റം നടപ്പാക്കി തുടങ്ങിയതായി മുനിസിപ്പല്‍ ചെയര്‍മാന്‍ അറിയിച്ചു.ആപ്ലിക്കേഷന്‍ സിസ്റ്റം നടപ്പാക്കിയതിന്റെ ഭാഗമായി വീടുകളിലും കടകളിലും ക്യു.ആര്‍.കോഡ് ഇന്‍സ്റ്റലേഷന്‍ വേഗത്തില്‍ പൂര്‍ണ്ണമാക്കും.ഓരോ വീടുകളിലും സ്ഥാപനങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിച്ചു എന്ന് ഉറപ്പാക്കാനാണ് സംവിധാനം നടപ്പാക്കുന്നത്.
മുനിസിപ്പാലിറ്റിയിലെ മാലിന്യപ്രശ്നത്തിന് പരിഹാരമായി ഹരിത ബയോപാര്‍ക്കില്‍ ആധുനിക യന്ത്രോപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഖര-ജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ മാലിന്യസംസ്‌കരണ പ്ലാന്റാണ് വെള്ളാരംകുന്നില്‍ സ്ഥാപിച്ചത്. ഇതോടെ സമ്പൂര്‍ണ്ണ മാലിന്യസംസ്‌കരണത്തില്‍ സംസ്ഥാനത്തെ മൂന്നാമത്തെ നഗരസഭയായും ജില്ലയിലെ ആദ്യത്തെതായും കല്‍പ്പറ്റ മുനിസിപ്പാലിറ്റി മാറും. 1 കോടി 28 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. തുടര്‍ പ്രവര്‍ത്തനത്തിനായി 87 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. സമ്പൂര്‍ണ്ണ ശുചിത്വ നഗരസഭയെന്ന ലക്ഷ്യത്തിനായി ശുചിത്വമിഷനും കല്‍പ്പറ്റ മുനിസിപ്പാലിറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
വെള്ളാരംകുന്നിലെ ഹരിത ബയോപാര്‍ക്കിലെ ആധുനിക യന്ത്രേപകരണങ്ങളും മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സെന്ററും, വിന്‍ഡ്രോ കമ്പോസ്റ്റിംഗ് യൂണിറ്റും സംയുക്തമായി പ്രവര്‍ത്തിക്കുന്നതോടെ മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരമാവുമെന്നും സമ്പൂര്‍ണ്ണ ശുചിത്വ മുനിസിപ്പാലിറ്റിയായി കല്‍പ്പറ്റ മാറുമെന്നും നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് പറഞ്ഞു.