വയോധികരെ ആദരിച്ച് വയോദീപം പരിപാടി
വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനിലെ 84 വയസ്സ് പിന്നിട്ട മുഴുവന്‍ പൗരന്മാരെയും അവരുടെ വീടുകളില്‍ ചെന്ന് ആദരിക്കുന്ന ‘വയോദീപം’ പദ്ധതി ആരംഭിച്ചു.ചെറുകര വാര്‍ഡിലെ 93 വയസ്സുള്ള തോട്ടോളി അമ്മദ് ഹാജിയെ അവരുടെ വീട്ടില്‍ വെച്ച് ആദരിച്ച് തുടക്കം കുറിച്ചു.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി പൊന്നാടയണിയിക്കുകയും ഉപഹാരം കൈമാറുകയും ചെയ്തു.ജീവിത ധന്യതയെ, നന്മയുടെയും അറിവിന്റെയും അനുഭവത്തിന്റെയും അപാരമായ സ്രോതസ്സുകളെ, ആദരിക്കുക എന്നത് വിവേകപൂര്‍ണവും വിനീതവുമായ ഒരു സമൂഹത്തിന്റെ ഉത്തരവാദിത്വവും സന്തോഷവുമാണെന്ന തിരിച്ചറിവിലാണ് ‘ വയോദീപം’ പദ്ധതിയുടെ പിറവിയെന്ന് ഡിവിഷന്‍ മെമ്പര്‍ കൂടിയായ ജുനൈദ് കൈപ്പാണി പറഞ്ഞു.കേരളത്തില്‍ തന്നെ ഇതാദ്യമായാണ് ഇങ്ങനെയൊരു പദ്ധതി. ഡിവിഷനിലെ 84 വയസ്സ് പിന്നിട്ട ഓരോ മഹത്ജീവിതങ്ങളെയും അവരുടെ വിടുകളില്‍ ചെന്ന് ആദരിക്കുകയും അതോടൊപ്പം അവരുടെ അനുഭവങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു കൊണ്ട് അനുഗ്രഹീതമായ ആശയ വിനിമയമാണ് പ്രധാനമായും ‘വയോദീപ’ത്തിലൂടെ ഉദ്ദേശിക്കുന്നത്.
വെള്ളമുണ്ട ഗ്രാമപഞ്ചായത്തംഗം കൊടുവേരി അമ്മദ് അധ്യക്ഷനായിരുന്നു. മാനന്തവാടി ബ്ലോക്ക് മെമ്പര്‍ വി.ബാലന്‍,മൂസ ഹാജി തോട്ടോളി,വി.പി സുഫിയാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.