ജപ്തി ഭീഷണി: കുടിയേറ്റ മേഖലയിലെ കര്‍ഷകര്‍ ആത്മഹത്യയുടെ വക്കില്‍

0

പുല്‍പ്പള്ളി: കടബാധ്യത മൂലം കുടിയേറ്റമേഖലയിലെ രണ്ടായിരത്തോളം കര്‍ഷകര്‍ ജപ്തി ഭീഷണിയില്‍. കാലാവസ്ഥാ വ്യതിയാനം, വിലത്തകര്‍ച്ച, വിളനാശം കൊവിഡ് പ്രതിസന്ധി എന്നിവയാണ് കാര്‍ഷികമേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കുരുമുളക്, കാപ്പി, നേന്ത്രകായ, ചേന, ഇഞ്ചി, കപ്പ എന്നിങ്ങനെയുള്ള വിളകള്‍ക്കെല്ലാം വിലയും വിളവുമില്ലാതായും രോഗബാധയുമെല്ലാമാണ് പുല്‍പ്പള്ളി മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം. ഭൂരിഭാഗം കര്‍ഷകരും ബാങ്കില്‍ നിന്നും വായ്പയെടുത്താണ് കൃഷി ചെയ്തുവരുന്നത്.

പ്രതീക്ഷിച്ച വിളവ് ലഭിക്കാതെ വരുന്നതോടെ വായ്പാതിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്കുകള്‍ നിയമനടപടിക്കൊരുങ്ങുന്നത്. മൊറട്ടോറിയം പ്രഖ്യാപിക്കുമ്പോഴും പലിശ വര്‍ധിക്കുകയല്ലാതെ കര്‍ഷകര്‍ക്ക് അതുകൊണ്ട് കാര്യമായ ഗുണങ്ങളൊന്നുമുണ്ടാകുന്നില്ല. മക്കളുടെ വിവാഹം, ചികിത്സ, വിദ്യാഭ്യാസം, വീട് നിര്‍മ്മാണം, മറ്റ് വിവിധ ആവശ്യങ്ങള്‍ എന്നിവക്കെല്ലാം വായ്പയെടുക്കുന്നത് കാര്‍ഷികവൃത്തിയില്‍ പ്രതീക്ഷയര്‍പ്പിച്ചാണ്. എന്നാല്‍ അപ്രതീക്ഷിതമായുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനമടക്കമുള്ള പ്രശ്നങ്ങള്‍ വിളകളെ സാരമായി ബാധിക്കുകയും കൃഷി കനത്ത നഷ്ടത്തില്‍ കലാശിക്കുകയും ചെയ്യുന്നത് പതിവാണ്. കോവിഡ് വ്യാപനത്തോടെ വിദേശത്തും, സ്വദേശത്തും ജോലി ചെയ്തുവന്നിരുന്ന ഭൂരിഭാഗം പേരും മടങ്ങിയെത്തിയതോടെ സാമ്പത്തികപ്രതിസന്ധി ഇരട്ടിയായി.

ജോലി ചെയ്ത് വീട്ടാമെന്ന പ്രതീക്ഷയില്‍ വന്‍തുക ലോണെടുത്താണ് പലരും മറ്റിടങ്ങളിലേക്ക് ജോലിക്ക് പോയത്. എന്നാല്‍ കോവിഡ് രോഗവ്യാപനം വര്‍ധിച്ചതോടെ നാട്ടിലേക്ക് മടങ്ങേണ്ടി വന്ന അവര്‍ക്ക് ഇനിയെന്ന് തിരികെ പോകാനാവുമെന്ന കാര്യം പോലും നിശ്ചയമില്ലാത്ത അവസ്ഥയാണ്. എന്നാല്‍ ബാങ്കുകള്‍ വായ്പാതിരിച്ചവട് മുടങ്ങിയതോടെ നോട്ടീസ് അയക്കുകയും, മറ്റ് നടപടികളിലേക്കും കടന്നിരിക്കുകയാണ്. ഒരുകാലത്ത് കടബാധ്യത മൂലം നിരവധി ആത്മഹത്യകള്‍ നടന്ന പുല്‍പ്പള്ളി മേഖലയില്‍ സമാനമായ സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. നേരത്തെ കര്‍ഷകര്‍ക്ക് ആശ്വാസമായിരുന്ന കാര്‍ഷിക സ്വര്‍ണവായ്പ ക്രിസാന്‍ ക്രഡിറ്റ് കാര്‍ഡുള്ളവര്‍ക്ക് മാത്രമായി നിജപ്പെടുത്തിയതോടെ വലിയ പലിശക്കാണ് പലരും പണയം വെച്ചിട്ടുള്ളത്. പണയം വെച്ച സ്വര്‍ണ ഉരുപ്പടികള്‍ തിരിച്ചെടുക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്.

ബാങ്കുകള്‍ സ്വര്‍ണ ഉരുപ്പടികള്‍ ലേലം ചെയ്തു വില്‍ക്കുന്നതും പതിവായിരിക്കുകയാണ്. ബാങ്കുകള്‍ക്ക് പുറമെ, സ്വന്തം കിടപ്പാടം പണയം വെച്ച് സ്വകാര്യപണമിടപാട് സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്ത് സ്വന്തം ഭൂമി പോലും നഷ്ടപ്പെടുന്ന അവസ്ഥയിലെത്തി നില്‍ക്കുന്ന നിരവധി പേരും ഈ മേഖലയിലുണ്ട്. സഹകരണബാങ്കുകളടക്കം വര്‍ഷത്തിലൊരിക്കല്‍ പിഴപലിശ ഒഴിവാക്കുന്നതിനായി അദാലത്തുകളടക്കം സംഘടിപ്പിക്കാറുണ്ടെങ്കിലും അതൊന്നും കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്നില്ല. കടാശ്വാസകമ്മീഷനും നോക്കുകുത്തിയായി മാറിയെന്ന ആരോപണമാണ് കര്‍ഷക സംഘടനകളടക്കം മുന്നോട്ടുവെക്കുന്നത്. ഈ സാഹചര്യത്തില്‍ കാര്‍ഷിക കടം എഴുതിത്തള്ളുന്നതടക്കമുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങിയത്. ഈ സാഹചര്യത്തില്‍ കര്‍ഷകരടക്കമുള്ളവരെ ആത്മഹത്യാമുമ്പില്‍ നിന്നും രക്ഷിക്കണമെന്നാണ് പൊതുവെ ഉയരുന്ന ആവശ്യം.

 

Leave A Reply

Your email address will not be published.

error: Content is protected !!