അഗ്‌നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകള്‍ നാളെ ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവരെ ഉടനടി അറസ്റ്റ് ചെയ്യാന്‍ പൊലീസ് മേധാവി അനില്‍ കാന്തിന്റെ നിര്‍ദ്ദേശം. പൊതുജനങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കര്‍ശനമായി നേരിടും. അക്രമങ്ങള്‍ക്ക് മുതിരുന്നവരെയും വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കും. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനയും നാളെ മുഴുവന്‍ സമയവും സേവനസന്നദ്ധരായിരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കോടതികള്‍, വൈദ്യുതി ബോര്‍ഡ് ഓഫീസുകള്‍, കെഎസ്ആര്‍ടിസി, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ പൊലീസ് സംരക്ഷണം നല്‍കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കും. സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് പോലീസ് സുരക്ഷ ഉറപ്പാക്കും. പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഞായാറാഴ്ച രാത്രി മുതല്‍തന്നെ പോലീസ് പിക്കറ്റിങും പട്രോളിങും ഏര്‍പ്പെടുത്തും. ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ റെയ്ഞ്ച് ഡി.ഐ.ജിമാരും മേഖലാ ഐ.ജിമാരും സുരക്ഷാക്രമീകരണങ്ങള്‍ ഏകോപിപ്പിക്കും. അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ക്രമസമാധാനവിഭാഗം എ.ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കി.
അഗ്‌നിപഥ് പദ്ധതിക്കായുള്ള റിക്രൂട്ട്‌മെന്റ് നാളെ തുടങ്ങുമെന്ന പ്രഖ്യാപനം നിലനില്‍ക്കേ രാജ്യത്തെ സൈനിക മേധാവിമാരുടെ യോഗം വിളിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ, നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍.ഹരികുമാര്‍, വ്യാമസേനാ മേധാവി ചീഫ് മാര്‍ഷല്‍ ബി.ആര്‍.ചൗധരി എന്നിവരുടെ യോഗമാണ് രാജ്‌നാഥ് സിംഗ് വിളിച്ചത്. പ്രതിരോധ സെക്രട്ടറി അജയ് കുമാറും രാജ്‌നാഥ് സിംഗിന്റെ വസതിയില്‍ ചേരുന്ന യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് രാജ്‌നാഥ് സിംഗ് 24 മണിക്കൂറിനിടെ രണ്ടാമതും സൈനിക മേധാവിമാരുടെ യോഗം വിളിച്ചത്.