ആരോപണം അടിസ്ഥാനരഹിതം – കെജിഎന്‍എ വയനാട് ജില്ലാ കമ്മിറ്റി
പ്രസവത്തിനായി ആശുപത്രിയിലെത്തിയ യുവതിയോട് വയനാട് മെഡിക്കല്‍ കോളേജിലെ നഴ്‌സിംഗ് ഓഫീസറായ അനീറ്റ അപമര്യാദയായി പെരുമാറിയെന്ന ആരോപണം അടിസ്ഥാനരഹിതവും, സംഭവത്തില്‍ അനീറ്റ നിരപരാധിയാണെന്നും കെജിഎന്‍എ വയനാട് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. വ്യാജ പരാതി നല്‍കിക്കൊണ്ട് ജീവനക്കാരുടെ മനോധൈര്യം തകര്‍ക്കുകയാണ് ഈ കൂട്ടരുടെ ലക്ഷ്യമെന്നും സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. വിഷയത്തില്‍ ആസൂത്രിതമായി വര്‍ഗീയത കൂട്ടിച്ചേര്‍ക്കുകയാണെന്നും, വര്‍ഗീയ ശക്തികളുടെ ഇത്തരം ഇടപെടലുകളെ ചെറുത്ത് തോല്‍പ്പിക്കുമെന്നും, സംഘടനയുടെ മുഴുവന്‍ പിന്തുണയും അനീറ്റക്ക് നല്‍കുമെന്നും , ഏതെങ്കിലും തരത്തിലുള്ള ശിക്ഷാ നടപടികള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ആശുപത്രിയിലെ മുഴുവന്‍ ജീവനക്കാരും പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളിലേക്ക് നീങ്ങുമെന്നും കെജിഎന്‍എ പ്രസ്താവനയില്‍ അറിയിച്ചു.ഇത്തരം വാസ്തവവിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സംഘടന ഭാരവാഹികള്‍ അറിയിച്ചു. ജില്ലാ പ്രസിഡന്റ് മേഴ്സി വി എം, സെക്രട്ടറി, രശോബ്കുമാര്‍, താലൂക് ഭാരവാഹികളായ ആനിയമ്മ മാത്യു, ടിറ്റോ സേവിയര്‍, നിപുന്‍ ജി, രഞ്ജിത്ത് എം എന്നിവര്‍ സംസാരിച്ചു.