വെള്ളമുണ്ട ഗവ. മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിട ഉദ്ഘാടനവും, യാത്രയയപ്പ് സമ്മേളനവും
വെള്ളമുണ്ട ഗവ. മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 30, 31 തിയ്യതികളിലായി കെട്ടിട ഉദ്ഘാടനവും, യാത്രയയപ്പ് സമ്മേളനവും വിപുലമായ പരിപാടികള്‍ നടത്തുന്നതാണെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മെയ് 30ന് തിങ്കളാഴ്ച വൈകുന്നേരം 3:30 മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നടത്തും.പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനായിരിക്കും.എം.പി.രാഹുല്‍ ഗാന്ധി സന്ദേശം വഴി ആശംസകള്‍ നേരും. സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ എം.എല്‍.എ. ഒ.ആര്‍ കേളു ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുക്കും.മെയ് 31 ന് വിദ്യാലയത്തിന്റെ 64ാം വാര്‍ഷികാഘോഷവും 29 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പ്രധാന അദ്ധ്യാപിക പി.കെ.സുധ ടീച്ചര്‍ക്കും ഹയര്‍ സെക്കണ്ടറി അദ്ധ്യാപകന്‍ പി ലവന്‍ മാസ്റ്റര്‍ക്കുമുള്ള യാത്രയപ്പ് സമ്മേളനവും വിദ്യാര്‍ഥികളുടെ കലാപരിപാടികളും രാവിലെ 9.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ എം.മുഹമ്മത് ബഷീര്‍, ജുനൈദ് കൈപ്പാണി, പഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണന്‍, മറ്റ് ജനപ്രതിനിധികള്‍, മുന്‍ പി.ടി.എ. പ്രസിഡണ്ടുമാര്‍, പൂര്‍വ വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.1958ല്‍ സ്ഥാപിതമായ വിദ്യാലയത്തില്‍ 8 മുതല്‍ 12 വരെയുള്ള ക്ലാസുകളിലായി നിലവില്‍ 1700 കുട്ടികള്‍ പഠിക്കുന്നുണ്ട് .നവീകരിച്ച സയന്‍സ് ലാബ്, അടല്‍ ടിങ്ക റിംഗ് ലാബ്, മനോഹരമായ കളിസ്ഥലം, സ്‌കൂള്‍ സ്‌പോര്‍ട്‌സ് അക്കാഡമി എന്നിവയും വിദ്യാലയത്തിന്റെ പ്രത്യേകതയാണ്.പത്രസമ്മേളനത്തില്‍ പി.ടി.എ. പ്രസിഡണ്ട് ടി.കെ.മമ്മൂട്ടി, പ്രിന്‍സിപ്പല്‍ തോമസ് .പി.സി, സ്റ്റാഫ് പ്രതിനിധികളായ നാസര്‍ .സി, പ്രസാദ് .വി.കെ. എന്നിവര്‍ പങ്കെടുത്തു.