യുക്രൈനില്‍നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ തുടര്‍പഠനം നടത്താനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നടത്തിയ പ്രവേശനം ചട്ടവിരുദ്ധമാണെന്ന് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ വ്യക്തമാക്കി. പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി ഒരു തീരുമാനമെടുക്കുകയും കേന്ദ്രസര്‍ക്കാര്‍ അതിനെ അംഗീകരിക്കാന്‍ തയ്യാറാകാതെവരികയും ചെയ്തതോടെ കേന്ദവും സംസ്ഥാനവും തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിതുറന്നിരിക്കുകയാണ്.യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ 412 വിദ്യാര്‍ഥികളുടെ തുടര്‍പഠനം സംബന്ധിച്ച് ബംഗാള്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു.
വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി രണ്ടും മൂന്നും വര്‍ഷങ്ങളില്‍ പഠിക്കുന്ന 172 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ തീരുമാനമെടുത്തു. ഇതിനെതിരേയാണ് മെഡിക്കല്‍ കമ്മീഷന്‍ രംഗത്തുവന്നത്.
നിലവിലുള്ള ചട്ടപ്രകാരം ഇത് അനുവദനീയമല്ലെന്ന നിലപാടാണ് കമ്മീഷന്‍ എടുത്തിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഓരേ കോളേജില്‍തന്നെ അവരുടെ പഠനം പൂര്‍ത്തിയാക്കേണ്ടതുണ്ട്. രണ്ട് വര്‍ഷം വിദേശരാജ്യത്ത് പഠിച്ചശേഷം ബാക്കി ഇന്ത്യയില്‍ പൂര്‍ത്തിയാക്കുന്നത് അനുവദിക്കില്ല. ഇത്തരത്തില്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് വിദേശത്ത് മെഡിക്കല്‍ വിദ്യാഭ്യാസം നടത്തിയവര്‍ക്കുള്ള സ്‌ക്രീനിങ് പരീക്ഷ എഴുതാന്‍ യോഗ്യതയില്ലെന്നും കമ്മീഷന്‍ പറയുന്നു.
ഇക്കാര്യത്തില്‍ സാങ്കേതിക കാരണം പറഞ്ഞാണ് ബംഗാള്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം ദേശീയ മെഡിക്കല്‍ കമ്മീഷന്‍ തള്ളിയത്. അതോടൊപ്പം ഇവരുടെ തുടര്‍പഠനം സംബന്ധിച്ച സാധ്യത കേന്ദ്രസര്‍ക്കാര്‍ തേടുന്നു എന്നതും ആശ്വാസകരമാണ്. യുക്രൈനില്‍ പഠിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥികളുടെ തുടര്‍പഠനം മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് മാറ്റാന്‍ കഴിയുമോ എന്ന സാധ്യതയാണ് ഇപ്പോള്‍ ആലോചിക്കുന്നത്.
കേരളത്തെ സംബന്ധിച്ച് ഇത് വലിയ രീതിയില്‍ ബാധിക്കും. കേരളത്തില്‍ നിന്നാണ് ഏറ്റവുമധികം വിദ്യാര്‍ഥികള്‍ യുക്രൈനില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് പോയിരിക്കുന്നത്. 6000-ല്‍ അധികം വിധ്യാര്‍ഥികള്‍ കേരളത്തില്‍ നിന്ന് പോയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിലൊരു തീരുമാനം എടുക്കാന്‍ വൈകുന്നത് കുട്ടികളെ പ്രതികൂലമായി ബാധിക്കും.