ഒരു ഇടവേളയ്ക്ക് ശേഷം കോവിഡ് കേസുകള്‍ ഉയര്‍ന്നുവരുന്ന പശ്ചാത്തലത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ മൂന്ന് വാക്സിനുകള്‍ക്ക് അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കണ്‍ട്രോളറുടെ അനുമതി. ഭാരത് ബയോടെക്കിന്റെ കോവാക്സിനും ബയോളജിക്കല്‍ ഇയുടെ കോര്‍ബേവാക്സിനും സൈഡസ് കാഡിലയുടെ സൈക്കോവ് ഡിയ്ക്കുമാണ് അനുമതി നല്‍കിയത്.
ആറിനും പന്ത്രണ്ടിനും ഇടയിലുള്ള കുട്ടികള്‍ക്ക് അടിയന്തര ഉപയോഗത്തിന് കോവാക്സിന്‍ നല്‍കാനാണ് ഡ്രഗ്സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയത്. വിദഗ്ധ സമിതിയുടെ ശുപാര്‍ശ കണക്കിലെടുത്താണ് തീരുമാനം. എന്നാല്‍ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എല്ലാ 15 ദിവസം കൂടുമ്പോഴും സമര്‍പ്പിക്കണമെന്നും ഭാരത് ബയോടെക്കിനോട് ഡ്രഗ്സ് കണ്‍ട്രോളര്‍ നിര്‍ദേശിച്ചു. നേരത്തെ 12നും 18നും ഇടയിലുള്ള കുട്ടികള്‍ക്ക് കോവാക്സിന്‍ നല്‍കാന്‍ ഡിസിജിഐ അനുമതി നല്‍കിയിരുന്നു.
അഞ്ചിനും പന്ത്രണ്ടിനും ഇടയിലുള്ള കുട്ടികള്‍ക്ക് കോര്‍ബേവാക്സ് നല്‍കാനാണ് അനുമതി. കുട്ടികള്‍ക്ക് അടിയന്തര ഉപയോഗത്തിനായി വാക്സിന്‍ നല്‍കാനാണ് അനുമതിയുള്ളത്. നിലവില്‍ 12നും 14നും ഇടയിലുള്ള കുട്ടികള്‍ക്ക് കോര്‍ബേവാക്സ് നല്‍കുന്നുണ്ട്. 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാനാണ് സൈഡസ് കാഡിലയ്ക്ക് അനുമതിയുള്ളത്. സൈഡസ് കാഡിലയുടെ സൈക്കോവ് ഡി വാക്സിനാണ് അനുമതി ലഭിച്ചത്.