സംസ്ഥാനത്തെ പൗരൻമാർക്ക് സർക്കാർ സേവനങ്ങൾ അനായാസം ലഭ്യമാക്കാനായി നാലുമാസം മുൻപ് കൊണ്ടുവന്നത് വിപ്ലവകരമായ മാറ്റങ്ങളാണ്. സർട്ടിഫിക്കറ്റുകൾക്കായി ദിനംപ്രതി വില്ലേജ് ഓഫീസുകൾ കയറിയിറങ്ങി ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ നേരത്തെ സർക്കാർ ഓൺലൈൻ സംവിധാനങ്ങൾ കൊണ്ടുവന്നിരുന്നു.
വിവിധ സേവനങ്ങൾക്ക് പൗരന്മാരിൽ നിന്നും ഈടാക്കിയിരുന്ന അപേക്ഷാഫീസ് ഒഴിവാക്കിയതാണ് ആദ്യത്തെ വലിയ മാറ്റം.
വിവിധ സേവനങ്ങൾക്കുളള അപേക്ഷാ ഫോമുകൾ ലളിതമാക്കി കഴിയുന്നിടത്തോളം ഒരു പേജിൽ മാത്രം പരിമിതപ്പെടുത്തി. സർട്ടിഫിക്കറ്റുകളിൽ പ്രത്യേക ആവശ്യത്തിനുവേണ്ടി ഉപയോഗിക്കുന്നു എന്ന് രേഖപ്പെടുത്തുന്നത് ഒഴിവാക്കി.
നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരമായി താമസ സ്ഥലത്തിനുള്ള തെളിവ്, അഞ്ചുവർഷം തുടർച്ചയായി താമസിക്കുന്നതിന്റെ തെളിവ്, ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ എസ്.എസ്.എൽ.സി ബുക്ക്, റേഷൻ കാർഡ്, രക്ഷാകർത്താക്കളുടെ എസ്.എസ്.എൽ.സി ബുക്ക്, വിലാസത്തിനുള്ള തെളിവായി വോട്ടർ കാർഡ്, പാസ്പോർട്ട്, റേഷൻ കാർഡ്, വൈദ്യുതി ബിൽ, വാട്ടർ ബിൽ, ടെലിഫോൺ ബിൽ എന്നിവ ഉപയോഗിക്കാവുന്നതാണ്. കേരളത്തിൽ പഠിച്ചയാൾക്ക് 5 വർഷം സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിച്ചതിന്റെ രേഖ കൂടാതെ സത്യപ്രസ്താവന ഉണ്ടെങ്കിൽ നേറ്റീവ് ആയി പരിഗണിക്കാം.
ജാതി സർട്ടിഫിക്കറ്റിന് എസ്.എസ്.എൽ.സി/ വിദ്യാഭ്യാസ രേഖയിൽ ജാതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ സർട്ടിഫിക്കറ്റിന് പകരമായി പരിഗണിക്കുന്നതാണ്.
റസിഡൻസ് സർട്ടിഫിക്കറ്റിന് പകരമായി ആധാർ കാർഡ്, ഇലക്ട്രിസിറ്റി ബിൽ, ടെലിഫോൺ ബിൽ, കെട്ടിട നികുതി രസീത് എന്നിവ ഉപയോഗിക്കാവുന്നതാണ്.
മൈനോരിറ്റി സർട്ടിഫിക്കറ്റിനായി എസ്.എസ്.എൽ.സി ബുക്കിലോ വിദ്യാഭ്യാസ രേഖയിലോ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ മൈനോറിറ്റി സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല.
ബന്ധുത്വ (റിലേഷൻഷിപ്പ് ) സർട്ടിഫിക്കറ്റിന് റേഷൻ കാർഡ്, സ്‌കൂൾ സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, ആധാർ, ജനന സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും രേഖയിൽ ബന്ധുത്വം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് മതി.
ലൈഫ് സർട്ടിഫിക്കറ്റിന് ജീവൻപ്രമാൺ എന്ന ബയോമെട്രിക് ഡിജിറ്റൽ സംവിധാനം ഉപയോഗിക്കാവുന്നതാണ് വൺ ആൻഡ് ദ സെയിം സർട്ടിഫിക്കറ്റിന് വ്യക്തിയുടെ സത്യപ്രസ്താവന ഗസറ്റഡ് പദവിയിലുള്ള ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയാൽ മതി.
കുടുംബ അംഗത്വ (ഫാമിലി മെമ്പർഷിപ്പ്) സർട്ടിഫിക്കറ്റിന് റേഷൻ കാർഡ് മതിയായ രേഖയാണ്.
ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റിന് ആധാർ, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, വോട്ടർ ഐ.ഡി, ജോലി ചെയ്യുന്ന സ്ഥാപനത്തിലെ തിരിച്ചറിയൽ കാർഡ് എന്നിങ്ങനെ ഏതെങ്കിലും മതിയാവും. ഇവയൊന്നുമില്ലെങ്കിൽ ഗസറ്റഡ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.
മിശ്രവിവാഹ സർട്ടിഫിക്കറ്റിന് എസ്.എസ്.എൽ.സി / വിദ്യാഭ്യാസ രേഖയിൽ ജാതി രേഖപ്പെടുത്തിയിരിക്കുകയും സബ് രജിസ്ട്രാറോ തദ്ദേശസ്ഥാപനമോ നൽകിയ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കുകയും ചെയ്താൽ മിശ്രവിവാഹ സർട്ടിഫിക്കറ്റായി തന്നെ പരിഗണിക്കുന്നതാണ്. ഒപ്പം ഒരു സത്യവാങ്മൂലം കൂടി നിഷ്‌കർഷിക്കുന്നുണ്ട്.
വായ്പക്കും മറ്റും ആവശ്യമായിവരുന്ന ലൊക്കേഷൻ സർട്ടിഫിക്കറ്റ്, ഡിജിറ്റൽ സർവെ പൂർത്തിയാകുന്ന മുറയ്ക്ക് ആവശ്യമില്ലാതായിത്തീരുന്നതാണ്. ആഭ്യന്തരവകുപ്പ് അറ്റസ്റ്റേഷനുകൾക്ക് ഡെപ്യൂട്ടി കളക്ടർ റാങ്കിൽ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി. എല്ലാറ്റിലുമുപരി ഒരു രേഖയും സാക്ഷ്യപ്പെടുത്തുന്നതിനായി ഗസറ്റഡ് ഓഫീസറെ തേടി അലയേണ്ട. സ്വയം സാക്ഷ്യപ്പെടുത്തി നൽകിയാൽ മതിയാകും.
സർക്കാർ സേവനങ്ങൾ കൂടുതൽ സുഗമവും സൗകര്യപ്രദവുമാക്കുന്നതിലേക്കുള്ള മികച്ച ചുവടുവെപ്പാണ് ഈ മാറ്റങ്ങൾ