ഭരണഘടനയുടെ അന്തസ്സത്തയ്ക്കു വിരുദ്ധമായി സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ‘കേന്ദ്രസംസ്ഥാന ബന്ധങ്ങളും കേരള വികസനവും’ എന്ന വിഷയത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ, ഭരണഘടനയുടെ 356ാം വകുപ്പ് ഉപയോഗിച്ച് പിരിച്ചുവിട്ട കാലം മുതല്‍ സംസ്ഥാനങ്ങള്‍ക്കു നേരെയുള്ള കടന്നു കയറ്റം ആരംഭിച്ചു. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഈ പ്രവണത കൂടുതല്‍ തീവ്രമായി. ജിഎസ്ടി വന്നപ്പോള്‍ നികുതി ചുമത്താനുള്ള സംസ്ഥാനങ്ങളുടെ അധികാരവും നഷ്ടമായി. ഇപ്പോള്‍ ഭൂമി റജിസ്‌ട്രേഷന്‍ നികുതി പോലെ ചുരുക്കം ചില വരുമാന മാര്‍ഗങ്ങളേ സംസ്ഥാനത്തിന് തനതായിട്ടുള്ളൂ.
ഒരു രാജ്യം ഒരു റജിസ്‌ട്രേഷന്‍ എന്ന വാദമുയര്‍ത്തി അതും കവരാനുള്ള ശ്രമം നടക്കുകയാണ്. ആകെ ചെലവിന്റെ 64.8% സംസ്ഥാനങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ നികുതി വരുമാനത്തിന്റെ 62.7 ശതമാനവും കേന്ദ്രം കയ്യടക്കുകയാണ്.സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ചോദിച്ചു വാങ്ങാന്‍ ഒരുമിച്ചു നില്‍ക്കുന്നതിനു പകരം രാഷ്ട്രീയ വിരോധത്താല്‍ വികസനാവശ്യങ്ങളെ തുരങ്കം വയ്ക്കാനാണ് കേരളത്തിലെ പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
യൂണിയന്‍ പ്രസിഡന്റ് എം.വി.ശശിധരന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.എ.അജിത്കുമാര്‍, സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ.ചന്ദ്രന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു. എം.എം.സുഷമ കണ്‍വീനറായി വനിതാ സബ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. സംസ്ഥാന സമ്മേളനം സമാപിച്ചു.