വരകള്‍ക്കൊപ്പം ഫോട്ടോഗ്രാഫിയിലും കഴിവ് തെളിയിച്ച് സാജിത വയനാട്
യാത്രകള്‍ക്കിടയില്‍ സാജിത ഒപ്പിയെടുത്ത വയനാടന്‍ കാഴ്ചകളുടെ പ്രദര്‍ശനം മാനന്തവാടി ലളിതകലാ അക്കാദമിയിലാണ് നടക്കുന്നത്. ഏപ്രില്‍ 6 വരെ നടക്കുന്ന പ്രദര്‍ശനം ഏറെ ശ്രദ്ധേയവുമാണ്.കഴിഞ്ഞ 20 വര്‍ഷത്തിലധികമായി ചിത്രകലയില്‍ പ്രാവിണ്യം നേടിയ വൈത്തിരിക്കാരിയായ സാജിത ഒരു വര്‍ഷം മുന്‍പാണ് ഫോട്ടോഗ്രാഫിയിലേക്കും ഒരു കൈ നോക്കാമെന്ന് വെച്ചത്. ക്യാമറ കൈയില്‍ കിട്ടിയപ്പോള്‍ പിന്നെ ഒന്നും നോക്കിയില്ല നേരെ പ്രകൃതി ഭംഗികള്‍ ഒപ്പിയെടുക്കുന്ന തിരക്കിലേക്ക്.
കാടിന്റെയും നാടിന്റെയും പ്രകൃതി ഭംഗികള്‍ ആസ്വദിക്കാന്‍ യാത്രകള്‍ നടത്തുന്ന വനിതകള്‍ മാത്രമുള്ള സംഘത്തിലെ അംഗമായ സാജിത തന്റെ യാത്രകളിലെ ഒരോ കാഴ്ചകളും ക്യാമറയില്‍ ഒപ്പിയെടുക്കുകയായിരുന്നു. വനത്തിനുള്ളിലെ നീര്‍ചാലുകളും കാനന ഭംഗിയുമെല്ലാം സാജിതയുടെ ഫെയിമില്‍ ദൃശ്യഭംഗികളായ ചിത്രങ്ങളായി മാറിയ കാഴ്ചകളാണ് മാനന്തവാടി ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ വനജാലകം എന്ന പ്രദര്‍ശനത്തിലുള്ളത്. ഏപ്രില്‍ 6 വരെയാണ് പ്രദര്‍ശനം. ചിത്രങ്ങള്‍ കാണാന്‍ നിരവധി ആളുകള്‍ ആര്‍ട്ട് ഗ്യാലറിയില്‍ എത്തുന്നുമുണ്ട്. 52 ചിത്രങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്. ചിത്രകലക്കൊപ്പം ഫോട്ടോഗ്രാഫിയിലും യാത്ര തുടരാന്‍ തന്നെയാണ് സാജിതയുടെ തീരുമാനം.