അരനൂറ്റാണ്ടിലേറെ കാലം അമ്പലവയലിലെ പൊതുപരിപാടികളുടെ വേദിയായ ഗ്രാമപ്പഞ്ചായത്ത് കമ്മ്യൂണിറ്റിഹാള്‍ പൊളിക്കുന്നു. ആധുനിക സംവിധാനങ്ങളോടെ പുതിയ കെട്ടിടം നിര്‍മിക്കുന്നതിന്റെ ഭാഗമായാണ് പഴയ കെട്ടിടം പൊളിക്കുന്നത്. അമ്പലവയല്‍ ഗ്രാമപ്പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് അമ്പതുവര്‍ഷത്തിലേറെ പഴക്കമുണ്ട്. കുറച്ചുകാലം മുമ്പുവരെ ടൗണിലെ പൊതുപരിപാടികള്‍ക്കെല്ലാം വേദിയായിരുന്നത് ഈ കെട്ടിടമാണ്.
വിവാഹം, സംഘടനകളുടെ വാര്‍ഷികാഘോഷങ്ങള്‍ അങ്ങനെ ആഘോഷങ്ങളെല്ലാം നടന്നിരുന്നു. കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച കെട്ടിടം കുറേക്കാലമായി ഉപയോഗശൂന്യമാണ്. ഇതോടെയാണ് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി പഴയകെട്ടിടം പൊളിക്കാന്‍ തീരുമാനിച്ചത്.
അമ്പലവയല്‍ ടൗണ്‍ പരിസരത്ത് മറ്റ് ഹാളുകള്‍ ഇല്ലാത്തതിനാല്‍ വിവാഹം ഉള്‍പ്പടെയുളള പരിപാടികള്‍ മറ്റിടങ്ങളിലാണ് സംഘടിപ്പിക്കുന്നത്. നിലവിലുളള കെട്ടിടം പൊളിച്ചുമാറ്റി ഇതേസ്ഥലത്ത് ആധുനിക സംവിധാനങ്ങളോടെ പുതിയ കെട്ടിടം നിര്‍മിക്കാനാണ് ഗ്രാമപ്പഞ്ചായത്തിന്റെ നീക്കം