തിരഞ്ഞെടുപ്പ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍
തദ്ദേശഭരണ തിരഞ്ഞെടുപ്പ് നടത്താന്‍ സജ്ജമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. ഡിസംബര്‍ 31 ന് മുന്‍പ് തിരഞ്ഞെടുപ്പ് നടത്തുമെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും കമ്മിഷന്‍ വ്യക്തമാക്കി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായും കമ്മിഷന്‍ അറിയിച്ചു.
കോവിഡ് പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്നാവശ്യപ്പെട്ട് പി.സി ജോര്‍ജ് എം.എല്‍ എ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കമ്മിഷന്‍ നിലപാടറിയിച്ചത്. തിരഞ്ഞെടുപ്പ് സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചെന്നും ആരോഗ്യ വകുപ്പ് ഡയറക്ടറുമായുമായി വിശദമായ ചര്‍ച്ച നടത്തിയെന്നും കമ്മിഷന്‍ വ്യക്തമാക്കി.
പൊലീസ് അടക്കമുള്ളവരുമായും പ്രാരംഭ ചര്‍ച്ചകള്‍ നടത്തിയെന്നും തുടര്‍നടപടികള്‍ ഉണ്ടാവുമെന്നും കമ്മിഷന്‍ അറിയിച്ചു. ഹര്‍ജി വിധി പറയാനായി കോടതി മാറ്റി.
കൊട്ടിക്കലാശമില്ലാതെ തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടികയില്‍ ഇനി പേര് ചേര്‍ക്കുന്നതെപ്പോള്‍?
തദ്ദേശ തിരഞ്ഞെടുപ്പിലെ പൊലീസ് വിന്യാസം സംബസിച്ച് ഡിജിപിയുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇന്ന് ചര്‍ച്ച നടത്തുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച ചീഫ് സെക്രട്ടറിയുമായും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ചര്‍ച്ച നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടത്തണമോ എന്ന കാര്യത്തില്‍ തീരുമാനം ഈ ചര്‍ച്ചകള്‍ക്കു ശേഷമാകും കൈക്കൊള്ളുക. ബുധനാഴ്ചയോ വ്യാഴാഴ്ചയോ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരും.
തദ്ദേശ തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടത്തണമെന്ന നിലപാടിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. എന്നാല്‍ മതിയായ പൊലീസ് വിന്യാസം ഒരുക്കാനാകുമോ എന്ന ആശങ്കയിലാണ് സര്‍ക്കാര്‍. കോവിഡ് ജോലി ഭാരത്തിലാണ് പൊലീസും മറ്റുസര്‍ക്കാര്‍ ജീവനക്കാരും എന്നത് കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം.