ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാര്‍ഗരേഖ

0

ജില്ലയിലെ ഭൂ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ റവന്യുമന്ത്രി കെ രാജന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ മാര്‍ഗരേഖയായതായി എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.എല്‍ഡിഎഫ് ജില്ലാകമ്മിറ്റി നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ വയനാടിന്റെ ചുമതലയുള്ള മന്ത്രി എ.കെ ശശീന്ദ്രന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് സമഗ്രചര്‍ച്ചയായത്.നടപടി ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിക്കുമെന്ന് കണ്‍വീനര്‍ സി.കെ ശശീന്ദ്രന്‍ പറഞ്ഞു.റവന്യു വനം വകുപ്പ് സംയുക്ത പരിശോധന പൂര്‍ത്തീകരിച്ച 1186 കര്‍ഷകരുടെ ഭൂമിയുടെ വിശദാംശങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കേണ്ടതുണ്ട്. ജിയോ റഫറന്‍സിങ്  ഏപ്രില്‍ 30 നകം  കേന്ദ്ര സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യും.

മാനന്തവാടി താലൂക്കിലെ കരിമ്പില്‍, അമ്പുകുത്തി, വൈത്തിരി താലൂക്കിലെ നീലിമല, കടച്ചിക്കുന്ന്, ക്ലബ്മട്ടം, ജയ്ഹിന്ദ് കോളനി, കുന്നമംഗലംവയല്‍, പഞ്ചമിക്കുന്ന്, ഏലവയല്‍,  മമ്മിക്കുന്ന് കോളനി,  തുടങ്ങിയ 18 കേന്ദ്രങ്ങളിലാണ് സംയുക്ത പരിശോധന പൂര്‍ത്തിയായി.  സര്‍വേയില്‍ ഉള്‍പ്പെടാതെപോയ 1977ന് മുമ്പ് കൈവശംവച്ച കൃഷിക്കാര്‍ക്ക് അപ്പീല്‍ നല്‍കാന്‍ അവസരം നല്‍കണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്. മൂപ്പൈനാട് വില്ലേജിലെ ഗോള്‍ഫ് ക്ലബ് എക്‌സ്ചിറ്റ് ഭൂമി പ്രശ്‌നത്തിനും പരിഹാരം കാണണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടു.

മാനന്തവാടി താലൂക്കിലെ  വനാതിര്‍ത്തികളില്‍ താമസിക്കുന്നവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനുള്ള അനുവാദം നല്‍കല്‍,  ബത്തേരി ഫയര്‍ലാന്‍ഡ് കോളനിയില്‍  പട്ടയം നല്‍കല്‍ പൂര്‍ത്തീകരിക്കുക,  ചൂരിമലയില്‍ 65 ഏക്കര്‍ സ്ഥലത്തുള്ളവര്‍ക്ക് പട്ടയം നല്‍കല്‍  എന്നീ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. കല്‍പ്പറ്റ വുഡ് ലാന്‍ഡ് എക്‌സ്ചിറ്റ് ഭൂമിയിലെ താമസക്കാരുടെ പ്രശ്‌നങ്ങള്‍ ഏറെനാളായി നിലനില്‍ക്കുന്നതാണ്.  ഇവ പരിഹരിച്ച് ഭൂമിക്ക് പട്ടയം നല്‍കാന്‍ നടപടി സ്വീകരിക്കും. യോഗതീരുമാനപ്രകാരം  ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. സര്‍വേ നടപടി  നാളെ  തുടങ്ങും. പട്ടികവര്‍ഗ, വനംവകുപ്പ് മന്ത്രിമാരുടെ സംയുക്ത യോഗം ചേര്‍ന്ന് പ്രശ്‌ന പരിഹാരത്തിന് റിപ്പോര്‍ട്ട് നല്‍കാന്‍  ഉന്നത ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

ഭൂ പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ തീരുമാനമായി. നടപടികളുടെ പുരോഗതി വിലയിരുത്താന്‍ മൂന്ന് മാസത്തിലൊരിക്കല്‍ യോഗം ചേരും.  ആദ്യയോഗം  ജൂണില്‍  ജില്ലയില്‍  ചേരുമെന്ന് റവന്യുമന്ത്രി അറിയിച്ചു.   മുഖ്യമന്ത്രിയുടെയും പട്ടികവര്‍ഗ വകുപ്പ് മന്ത്രിയുടെയും സംയുക്ത നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗം ജില്ലയിലെ ആദിവാസി ഭൂമി പ്രശ്‌നം പരിഹരിക്കാനുള്ള റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍, സിപിഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, കെ കെ ഹംസ, സി കെ ശിവരാമന്‍, കുര്യാക്കോസ് മുള്ളന്‍മട, സണ്ണി, വീരേന്ദ്രകുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!