എസ്എസ്എല്‍സി പരീക്ഷ ഇന്ന് തുടങ്ങും.
സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷ ഇന്ന് തുടങ്ങും. നാല് ലക്ഷത്തില്‍ പരം വിദ്യാര്‍ത്ഥികളാണ് ഇന്ന് പരീക്ഷ എഴുതുന്നത് പരീക്ഷ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ കുറ്റമറ്റ രീതിയില്‍ പൂര്‍ത്തീകരിച്ചതായി പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇന്ന് ആരംഭിക്കുന്ന പരീക്ഷ അടുത്ത മാസം 29 ന് അവസാനിക്കും. മെയ് 3 മുതല്‍ 10 വരെയാണ് ഐടി പ്രാക്റ്റിക്കല്‍ പരീക്ഷകള്‍ ക്രമീകരിച്ചിരിക്കുന്നത്.
എസ്എസ്എല്‍സി പരീക്ഷയില്‍ സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള 2961 കേന്ദ്രങ്ങളിലായി 4,26,999 റഗുലര്‍ വിദ്യാര്‍ഥികളും 408 പ്രൈവറ്റ് വിദ്യാര്‍ത്ഥികളുമാണ് പരീക്ഷ എഴുതുന്നത്. മലയാളം മീഡിയത്തില്‍ 1,91,787 വിദ്യാര്‍ത്ഥികളും ഇംഗ്ലീഷ് മീഡിയത്തില്‍ 2,31,604 വിദ്യാര്‍ത്ഥികളും തമിഴ് മീഡിയത്തില്‍ 2151 വിദ്യാര്‍ഥികളും കന്നട മീഡിയത്തില്‍ 1457 വിദ്യാര്‍ത്ഥികളും എസ്.എസ്.എല്‍.സി പരീക്ഷ എഴുതും. ആകെ 2,18,902 ആണ്‍കുട്ടികളും 2,08,097 പെണ്‍കുട്ടികളുമാണ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തത്.
2014 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്ന മലപ്പുറം ജില്ലയിലെ എടരിക്കോട് പികെഎംഎംഎച്ച്എസ് ആണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്ന കേന്ദ്രം. ചുരുങ്ങിയ അധ്യയന ദിവസങ്ങള്‍ക്ക് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ എസ്എസ്എല്‍സി പരീക്ഷയ്ക്ക് എത്തുന്നത്. പരീക്ഷാ നടപടികള്‍ കുറ്റമറ്റ രീതിയില്‍ പൂര്‍ത്തീകരിക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പിലെ വിവിധ സ്‌ക്വാഡുകള്‍ പരീക്ഷാകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. വിദ്യാര്‍ത്ഥികള്‍ ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കൊവിഡ് ആശങ്കകള്‍ ഇല്ലാതെയാണ് ഇത്തവണ പൊതു പരീക്ഷകള്‍ എന്നതും ആശ്വാസകരമാണ്.