വയനാട് മെഡിക്കല്‍ കോളേജ് വിഷയത്തില്‍ യൂത്ത് ലീഗ് പ്രക്ഷോഭത്തിലേക്ക്. വയനാട്ടുകാര്‍ക്ക് സൗകര്യപ്രദമായ സ്ഥലത്തായിരിക്കണം വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കേണ്ടതെന്നും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി മെഡിക്കല്‍ കോളേജ് നിര്‍മ്മാണം ജില്ലയുടെ ഒരറ്റത്തേക്ക് മാറ്റുന്നതിലൂടെ വയനാടന്‍ ജനതയെ ഇടതുസര്‍ക്കാര്‍ പരിഹസിക്കുകയാണെന്നും മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി.
മെഡിക്കല്‍ കോളേജിന് തലപ്പുഴ ബോയ്സ് ടൗണില്‍ കെട്ടിടം നിര്‍മിക്കാന്‍ തീരുമാനിച്ച നടപടിയില്‍ പ്രതിഷേധിച്ചാണ് യൂത്ത് ലീഗ് സമരം തുടങ്ങുന്നത്. വയനാട്ടിലെ 20 ശതമാനം പോലും ജനങ്ങള്‍ക്ക് ഉപകാരപ്പെടാത്ത സ്ഥലത്താണ് മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നത്. കണ്ണൂര്‍ ലോബിയുടെ താല്‍പര്യമാണ് ഇതിനു പിന്നിലെന്ന് ജില്ലാ പ്രസിഡന്റ് എം. പി നവാസ്, സെക്രട്ടറി ഹാരിഫ് എന്നിവര്‍ പറഞ്ഞു. മാനന്തവാടിയില്‍ നിന്നും ഏറെ അകലത്തിലുള്ള ബോയ്‌സ് ടൗണിലേക്ക് മെഡിക്കല്‍ കോളജ് മാറ്റാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വയനാടിന്റെ വിവിധ പ്രദേശങ്ങളിലുള്ള ആളുകള്‍ക്ക് എത്തിപ്പെടാന്‍ ഏറെ പ്രയാസം അനുഭവിക്കുന്ന പ്രദേശമാണ് ബോയ്‌സ് ടൗണ്‍. അത്തരം ഒരു പ്രദേശത്ത് മെഡിക്കല്‍ കോളജ് വരുന്നത് വഴി മാനന്തവാടി നിയോജക മണ്ഡലത്തില്‍ ഉള്ള ആളുകള്‍ക്കു പോലും അതിന്റെ ഗുണഫലം ലഭ്യമല്ലാത്ത രൂപത്തിലേക്ക് മാറും. ആയത്‌കൊണ്ട് ഒന്നുകില്‍ സര്‍ക്കാര്‍ നിലവില്‍ അപ്‌ഗ്രേഡ് ചെയ്യപ്പെട്ട ജില്ലാ ഹോസ്പിറ്റല്‍ കേന്ദ്രീകരിച്ച് തന്നെ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ ആ ചുറ്റളവില്‍ ഭൂമി കണ്ടെത്തി കൊണ്ട് മുന്നോട്ടു പോണം. അതല്ലെങ്കില്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റി ചെയ്യുകയാണെങ്കില്‍ വയനാട്ടുകാര്‍ക്ക് സൗകര്യപ്രദമായ ഒരു പ്രദേശത്ത് തന്നെ മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമാക്കണമെന്നും യൂത്ത്‌ലീഗ് പ്രസിഡന്റ് എം.പി നവാസ് പറഞ്ഞു.
ജില്ലയുടെ സ്വപ്നപദ്ധതികള്‍ ഓരോന്ന് ഇല്ലാതാക്കുന്ന പിണറായി സര്‍ക്കാര്‍ കണ്ണൂര്‍ ജില്ലയുടെ അതിര്‍ത്തിപ്രദേശത്ത് വയനാട് മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിലൂടെ ചില നിക്ഷിപ്ത താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് ശ്രമം. ഇതിനെതിരെ ശക്തമായ യുവജന പ്രക്ഷോഭങ്ങള്‍ക്ക് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്നും യൂത്ത് ലീഗ് മുന്നറിയിപ്പ് നല്‍കി.