വര്‍ധിപ്പിച്ച ഭൂനികുതി പിന്‍വലിക്കുക, ജപ്തി നടപടികളില്‍ നിന്ന് ധനകാര്യ സ്ഥാപനങ്ങള്‍ പിന്‍വാങ്ങുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജില്ലാ ഹരിതസേനയുടെ ആഭിമുഖ്യത്തില്‍ 23ന് കലക്ടറേറ്റിന് മുന്നില്‍ ഏകദിന ഉപവാസ സമരം നടത്തുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കര്‍ഷകര്‍ക്ക് മേല്‍ ഭൂനികുതി വര്‍ധിപ്പിച്ചും ധനകാര്യ സ്ഥാപനങ്ങള്‍ ജപ്തി നടപടികള്‍ സ്വീകരിച്ചും മുന്നോട്ടുപോകുകയാണെങ്കില്‍ സമരങ്ങളിലൂടെ ശക്തമായി ചെറുക്കുമെന്നും ഇവര്‍ അറിയിച്ചു.
ജില്ലയില്‍ കര്‍ഷകര്‍ കാലങ്ങളായി അനുഭവിക്കുന്ന കാര്‍ഷിക പ്രതിസന്ധികളില്‍ നിന്ന് ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. മൊറട്ടോറിയം കാലവധി കഴിഞ്ഞ ശേഷം ആയിരക്കണക്കിന് കര്‍ഷകര്‍ക്കാണ് ജപ്തി നോട്ടീസ് അയച്ചിരിക്കുന്നത്. കൊവിഡ്, വിളക്കുറവ്, വിലയിടിവ് തുടങ്ങിയ കാരണങ്ങളാല്‍ ബുദ്ധിമുട്ടുന്ന കര്‍ഷകരുടെ കടങ്ങളുടെ പലിശയെങ്കിലും എഴുതി തള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കടാശ്വാസ കമ്മീഷന്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ശ്രമിക്കണമെന്നും ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എം സുരേന്ദ്രന്‍, പി എന്‍ സുധാകര സ്വാമി, സി ആര്‍ ഹരിദാസ്, പി സന്തോഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു