പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ഫെബ്രുവരി 27 ന്

0

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംസ്ഥാന വ്യാപകമായി ഫെബ്രുവരി 27 ന് നടക്കും. സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ജില്ലയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും. കോവിഡ് സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിച്ചായിരിക്കും പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം ചെയ്യുകയെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കേരളത്തിലെ അഞ്ച് വയസ് വരെയുള്ള 24,36,298 കുട്ടികൾക്ക് ഈ ദിനത്തിൽ പ്രത്യേകം സജ്ജീകരിച്ച ബൂത്തുകൾ വഴി പോളിയോ തുള്ളിമരുന്ന് നൽകുവാനാണ് ലക്ഷ്യമിടുന്നത്. ട്രാൻസിറ്റ്, മൊബൈൽ ബൂത്തുകൾ ഉൾപ്പെടെ 24,614 ബൂത്തുകളാണ് പ്രവർത്തിക്കുന്നത്. തുളളിമരുന്ന് വിതരണം ചെയ്യുന്നതിനായി 49,228 വോളണ്ടിയർമാർക്കും 2,183 സൂപ്പർവൈസർമാർക്കും പരിശീലനം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെ പ്രവർത്തിക്കുന്ന ബൂത്തുകളിലെ തിരക്ക് ഒഴിവാക്കുവാനായി ആരോഗ്യ പ്രവർത്തകർ നിർദ്ദേശിക്കുന്ന സമയത്ത് കുട്ടികളെ കൊണ്ടുപോയി തുള്ളിമരുന്ന് നൽകാൻ അമ്മമാർ പ്രത്യേകം ശ്രദ്ധിക്കണം. സ്‌കൂളുകൾ, അങ്കണവാടികൾ, വായനശാലകൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ബൂത്തുകൾ, ബസ് സ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലെ ട്രാൻസിറ്റ് ബൂത്തുകൾ, അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ മൊബൈൽ ബൂത്തുകൾ എന്നിവ വഴിയാണ് തുള്ളിമരുന്ന് വിതരണം നടത്തുന്നത്.
പോളിയോ ബൂത്തിലുള്ളവരും കുട്ടികളെ കൊണ്ടുവരുന്നവരും കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം. ബൂത്തുകളിൽ കുട്ടികളുമായി എത്തുമ്പോൾ കൈകൾ അണുവിമുക്തമാക്കുകയും ശരിയായ രീതിയിൽ മാസ്‌ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. കോവിഡ് മാർഗ നിർദേശങ്ങളനുസരിച്ച് തുള്ളിമരുന്ന് വിതരണം നടത്തുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. പ്രത്യേക പരിശീലനം നേടിയ ആരോഗ്യ പ്രവർത്തകരും വോളണ്ടിയർമാരുമാണ് തുള്ളിമരുന്ന് വിതരണം നടത്തുക. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ പൂർണ സഹകരണത്തോടെയാണ് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംഘടിപ്പിക്കുന്നത്.
കേരളത്തിൽ രണ്ടായിരത്തിനു ശേഷവും ഇന്ത്യയിൽ 2011നു ശേഷവും പോളിയോ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. 2014 മാർച്ചിൽ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ മുക്ത രാജ്യമായി പ്രഖ്യാപിച്ചിരുന്നു. എങ്കിലും അയൽ രാജ്യങ്ങളിൽ പോളിയോ രോഗം ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ രോഗസാധ്യത ഒഴിവാക്കുവാനായി കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് തുടർന്നും നൽകേണ്ടത് അനിവാര്യമാണ്. അതിനാൽ അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകിയെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!