കോവിഡ് സാഹചര്യത്തില്‍ നാലു മാസത്തിലേറെയായി പരിമിതപ്പെടുത്തിയ ബാറുകളുടെ പ്രവര്‍ത്തനസമയം പഴയപടിയാക്കുന്നു. രാത്രി 11 വരെ ബാറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്ന ബാറുടമകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. ഉത്തരവ് ഉടനുണ്ടാകും. രണ്ടാം കോവിഡ് ലോക്ഡൗണിനു ശേഷം തുറന്നപ്പോള്‍ രാത്രി 9 വരെ മാത്രമാണു പ്രവര്‍ത്തനം. ഏറ്റവുമധികം വരുമാനം ലഭിക്കേണ്ട സമയത്ത് അടച്ചിടുന്നതുമൂലമുള്ള നഷ്ടത്തെക്കുറിച്ചു ബാറുടമകള്‍ എക്‌സൈസ് വകുപ്പിനോടു പരാതിപ്പെട്ടിരുന്നു.
കോവിഡ് മൂലം ബാര്‍ മേഖലയിലുണ്ടായ വരുമാന നഷ്ടം കണക്കിലെടുത്ത് പുതിയ ബാറുകള്‍ക്കു നിയന്ത്രണം വേണമെന്ന ബാറുടമകളുടെ ആവശ്യം പുതിയ മദ്യനയത്തില്‍ സര്‍ക്കാര്‍ ഭാഗികമായി അംഗീകരിച്ചേക്കും. ഭാവിയില്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കു മാത്രം ബാര്‍ ലൈസന്‍സ് നല്‍കണമെന്നും 50 മുറികളെങ്കിലുമുള്ള ഹോട്ടലുകള്‍ക്കു മാത്രമേ ലൈസന്‍സ് നല്‍കാവൂ എന്നുമായിരുന്നു മദ്യനയ രൂപീകരണത്തിനു മുന്നോടിയായി ബാറുടമകള്‍ ഉന്നയിച്ച ആവശ്യം. അനിയന്ത്രിതമായി ലൈസന്‍സുകള്‍ നല്‍കുന്നതു ബാര്‍ വ്യവസായ മേഖലയെ തകര്‍ക്കുമെന്നും സേവനത്തിന്റെ ഗുണനിലവാരം കുറയുമെന്നുമാണ് ഇവര്‍ ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞ വര്‍ഷം ബിസിനസില്‍ 40 % കുറവുണ്ടായതും അറിയിച്ചു.
എന്നാല്‍ ടൂറിസം മേഖലയ്ക്കു തിരിച്ചടിയാകുമെന്നതിനാല്‍ ഒറ്റയടിക്ക് പുതിയ ത്രീ, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളെ തടയാന്‍ സര്‍ക്കാര്‍ ഇഷ്ടപ്പെടുന്നില്ല. പകരം പുതിയ ബാര്‍ ലൈസന്‍സ് ലഭിക്കണമെങ്കില്‍ ത്രീ സ്റ്റാര്‍ ഹോട്ടലിനു കുറഞ്ഞതു 30 മുറികളും ഫോര്‍ സ്റ്റാര്‍ ഹോട്ടലിനു 40 മുറികളും ഫൈവ് സ്റ്റാര്‍ ഹോട്ടലിന് 50 മുറികളും എന്ന നിബന്ധന ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. 2023 മുതല്‍ ലൈസന്‍സ് അനുവദിക്കുന്നവയ്ക്ക് ഇവ ബാധകമാക്കും. നിലവില്‍ 10 മുറി ഉണ്ടെങ്കില്‍ ബാര്‍ ലൈസന്‍സ് ലഭിക്കും. അതേസമയം, ബാര്‍ ലൈസന്‍സ് ലക്ഷ്യമിട്ട് ഏകദേശം 270 ഹോട്ടലുകള്‍ സംസ്ഥാനത്തു നിര്‍മാണം തുടങ്ങിയിട്ടുണ്ട്. ഇവ നിലവിലെ കെട്ടിടനിര്‍മാണ പ്ലാനില്‍ മാറ്റം വരുത്തേണ്ടിവരും.നിലവില്‍ 670 ബാറുകളാണു സംസ്ഥാനത്തുള്ളത്. ബീയര്‍വൈന്‍ പാര്‍ലറുകളുടെ ടൂറിസം പ്രാധാന്യം കണക്കിലെടുത്ത് ഇവയുടെ മുറികളുടെ എണ്ണത്തില്‍ കര്‍ശന നിബന്ധന വന്നേക്കില്ലെന്നാണു സൂചന.