ഭൂമി തരംമാറ്റത്തിനായി സംസ്ഥാനത്തെ 27 റവന്യു ഡിവിഷന്‍ ഓഫിസുകളിലായി കാത്തുകിടക്കുന്നത് ഒന്നര ലക്ഷത്തോളം അപേക്ഷകള്‍. വരുംദിവസങ്ങളില്‍ അപേക്ഷ വര്‍ധിക്കുമെന്നാണു റവന്യു അധികൃതര്‍ നല്‍കുന്ന സൂചന.മുന്‍പ് ആര്‍ഡി ഓഫിസുകളില്‍ നേരിട്ടാണ് അപേക്ഷ സ്വീകരിച്ചിരുന്നത്. ക്രമക്കേടുകള്‍ ഉണ്ടെന്ന പരാതികളെത്തുടര്‍ന്ന് അപേക്ഷ സീകരിക്കുന്നത് ഒരു മാസം മുന്‍പ് റവന്യു വകുപ്പിന്റെ പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി മാറ്റി. അപേക്ഷകള്‍ പരിശോധിക്കുന്നതും തീര്‍പ്പാക്കുന്നതും ഉള്‍പ്പെടെ നടപടികള്‍ ഒരാഴ്ച മുന്‍പാണ് പൂര്‍ണമായും ഓണ്‍ലൈനായത്. നേരിട്ട് ആര്‍ഡി ഓഫിസുകളില്‍ സ്വീകരിച്ച അപേക്ഷകളില്‍ ഒരു ലക്ഷത്തോളം തീര്‍പ്പാക്കാനുണ്ടായിരുന്നതില്‍ 65% അദാലത്തുകള്‍ വഴി പരിഹരിച്ചെന്നാണു റവന്യു വകുപ്പിന്റെ നിലപാട്. അതേസമയം, ഓണ്‍ലൈനായി ലഭിക്കുന്ന അപേക്ഷകളില്‍ ദിവസേന വര്‍ധനയാണ്.നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം 4 തരത്തിലുള്ള അപേക്ഷകളാണു ഭൂമി തരംമാറ്റത്തിനായി അനുവദിക്കുക. ഡേറ്റാബാങ്കില്‍ നിലം എന്നു തെറ്റായി രേഖപ്പെടുത്തിയതു തിരുത്തുക, 50 സെന്റില്‍ കുറവുള്ള വസ്തുവിന്റെ തരംമാറ്റം, 50 സെന്റില്‍ കൂടുതലുള്ള വസ്തുവിന്റെ തരംമാറ്റം, 1967 ജൂലൈയ്ക്കു മുന്‍പു നികത്തിയ ഭൂമിയുടെ തരംമാറ്റം എന്നിവയ്ക്കായി 5,6,7,9 എന്നീ നാലു തരം ഫോമുകളാണുള്ളത്.
രേഖകളുടെ അടിസ്ഥാനത്തില്‍ 1000 രൂപ ഫീസോടെ സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ വില്ലേജ്, കൃഷി ഓഫിസര്‍മാരില്‍ നിന്നും തഹസില്‍ദാര്‍മാരില്‍ നിന്നും റിപ്പോര്‍ട്ട് തേടിയ ശേഷം അതിന്റെ അടിസ്ഥാനത്തിലാണു തരംമാറ്റം അനുവദിക്കുന്നത്. 25 സെന്റ് വരെയുള്ള ഭൂമി തരംമാറ്റാന്‍ ഫീസ് സൗജന്യമാക്കിയിട്ടുണ്ട്.ഭൂമി തരംമാറ്റം വഴി ഈ സാമ്പത്തിക വര്‍ഷം 550 കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാരിനു ലഭിച്ചത്.