അതിരുവിട്ട ലഹരി ഉപയോഗം കുടുംബാന്തരീക്ഷം തകര്‍ക്കുന്നു- വനിത കമ്മീഷന്‍

0
സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം കുടുംബ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് വനിത കമ്മീഷന്‍ അംഗം അഡ്വ. എം.എസ് താര പറഞ്ഞു. കളക്ട്രേറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിത കമ്മീഷന്‍ അദാലത്തില്‍ കേസുകള്‍ പരിഗണിച്ച് സംസാരിക്കുകയായിരുന്നു അവര്‍. കുടുംബങ്ങളിലെ അതിരുകടന്ന ലഹരി ഉപയോഗം ഗാര്‍ഹിക സമാധാന അന്തരീക്ഷത്തെ തകര്‍ക്കുകയാണ്. കമ്മീഷനു മുന്നിലെത്തുന്ന പരാതികള്‍ പരിശോധിക്കുമ്പോള്‍ മദ്യാപനവും മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗവും

കുടുംബാന്തരീഷം മോശമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതായി കാണുന്നു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ പീഡനത്തിനിരയാകുന്ന പരാതികള്‍ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ചുള്ള മദ്യത്തിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും ഉപയോഗം കോളനികളിലെ സൈ്വര്യ ജീവിതം തകര്‍ക്കുന്നതോടൊപ്പം ഗാര്‍ഹിക പീഡനങ്ങളിലേക്കും വഴിവെക്കുന്നു. ലഹരിക്കെതിരായ ശരിയായ ബോധവത്ക്കരണം ഇത്തരം പ്രശ്നങ്ങള്‍ ഒരു പരിധിവരെ ചെറുക്കുന്നതിന് സഹായകമാകുമെന്നും കമ്മീഷന്‍ പറഞ്ഞു.

കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ആദാലത്തില്‍  40 പരാതികള്‍  കമ്മീഷന്‍ പരിഗണിച്ചു. ഇതില്‍ 8 പരാതികള്‍ക്ക് പരിഹാരം കണ്ടു. 31 എണ്ണം അടുത്ത അദാലത്തില്‍ വിണ്ടും പരിഗണിക്കും. രണ്ടുവര്‍ഷമായി വേര്‍പിരിഞ്ഞ് കഴിഞ്ഞിരുന്ന ദമ്പതികളുടെ പരാതി കമ്മീഷന്‍ ഇടപ്പെട്ടു പരിഹാരം കണ്ടു. മൂന്നാമത്തെ സിറ്റിങ്ങിലാണ്  പരിഹരമുണ്ടായത്. കുട്ടികള്‍ക്കൊപ്പം ഒന്നിച്ചു ജീവിക്കാന്‍ ഇവരെടുത്ത തീരുമാനം മാതൃകാപര മാണെന്ന് കമ്മീഷന്‍ പറഞ്ഞു. കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മറ്റ് 3 പരാതികളും തീര്‍പ്പാക്കി.  ഒരു പരാതി പോലീസിന്റെ റിപ്പോര്‍ട്ട് തേടി. കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് പോലീസിനെതിരെ നല്‍കിയ പരാതികളില്‍ തുടര്‍ച്ചയായി സിറ്റിംഗില്‍ പരാതിക്കാര്‍ എത്താത്തതിനെ തുടര്‍ന്ന് ആ കേസുകളിലെ  തുടര്‍ നടപടികള്‍ കമ്മീഷന്‍ ഒഴിവാക്കി.  അദാലത്തില്‍ അഡ്വക്കറ്റുമാരായ ജോണ്‍സി, ഓമന, കവിത തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!