മുണ്ടിനീരിനെതിരെ പ്രതിരോധം: ‘റോള്‍പ്ലേ’ അവതരിപ്പിച്ചു

0

മുണ്ടിനീര് എന്ന വൈറസ് രോഗത്തിനെതിരെ പ്രതിരോധം തീര്‍ക്കണമെന്ന് ആഹ്വാനം ചെയ്ത് കണിയാമ്പറ്റ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ‘റോള്‍പ്ലേ’ അരങ്ങേറി. ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളം വയനാടിന്റെയും സംയുക്താഭിമുഖ്യത്തില്‍ കളക്ടറേറ്റിലെ എപിജെ ഹാളില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട എം.എല്‍.എസ്.പി നഴ്‌സുമാരാണ് കുട്ടികള്‍ക്ക് എളുപ്പം മനസ്സിലാകുന്ന രീതിയില്‍ രോഗത്തെക്കുറിച്ച് അവബോധം നല്‍കിയത്. പ്ലക്കാര്‍ഡുകളും ലഘുവിവരണങ്ങളുമൊക്കെയായി നഴ്‌സുമാര്‍ കുട്ടികളിലേക്കിറങ്ങി.

മിക്സോ വൈറസ് പരൊറ്റിഡൈറ്റിസ് എന്ന വൈറസ് മൂലമാണ് മുണ്ടിനീര് പകരുന്നത്. വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര്‍ ഗ്രന്ഥികളെ ബാധിക്കുന്നു. രോഗം ബാധിച്ചവരില്‍ അണുബാധയുണ്ടായ ശേഷം ഗ്രന്ഥികളില്‍ വീക്കം കണ്ടുതുടങ്ങുതിനു തൊട്ടുമുമ്പും വീക്കം കണ്ടുതുടങ്ങിയ ശേഷം നാലു മുതല്‍ ആറു ദിവസം വരെയുമാണ് സാധാരണയായി പകരുന്നത്. അഞ്ചു മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികളെയാണ് രോഗം കൂടുതലായി ബാധിക്കുന്നതെങ്കിലും മുതിര്‍ന്നവരിലും കാണപ്പെടാറുണ്ട്.
ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത്. ഇത് മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കും. ചെറിയ പനിയും തലവേദനയും ആണ് പ്രാരംഭ ലക്ഷണങ്ങള്‍. വായ തുറക്കുന്നതിനും ചവയ്ക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസം നേരിടുന്നു. വിശപ്പില്ലായ്മയും ക്ഷീണവും മറ്റു ലക്ഷണങ്ങളാണ്. പനി, വേദന തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് ചികിത്സിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വിശ്രമിക്കുകയും വേണം.

വായുവിലൂടെ പകരുന്ന ഈ രോഗം സാധാരണയായി ചുമ, തുമ്മല്‍, മൂക്കില്‍ നിന്നുള്ള സ്രവങ്ങള്‍, രോഗമുള്ളവരുമായുള്ള സമ്പര്‍ക്കം എന്നിവയിലൂടെയാണ് പകരുന്നത്. പ്രത്യേക ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ തലച്ചോര്‍, വൃഷണം, അണ്ഡാശയം, ആഗ്നേയ ഗ്രന്ഥി, പ്രോസ്ട്രേറ്റ് എന്നീ ശരീര ഭാഗങ്ങളെ ബാധിക്കും. തലച്ചോറിനെ ബാധിച്ചാല്‍ എന്‍സഫലൈറ്റിസ് എന്ന അവസ്ഥ ഉണ്ടാകാം. ഇത് മരണ കാരണമായേക്കാം. അസുഖബാധിതര്‍ പൂര്‍ണമായും മാറുന്നതു വരെ വിശ്രമിക്കുക. രോഗികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗികളായ കുട്ടികള്‍ സ്‌കൂളില്‍ പോകരുത്. രോഗി ഉപയോഗിച്ച വസ്തുക്കള്‍ അണുവിമുക്തമാക്കുക തുടങ്ങിയ സന്ദേശങ്ങള്‍ റോള്‍പ്ലേയിലൂടെ കുട്ടികളിലെത്തി.
എംഎല്‍എസ്പി നഴ്‌സുമാരായ ടി.പി പ്രീത, ജോഷിത ജോസഫ്, ഏബിള്‍ സി ജോര്‍ജ്, പ്രത്യുഷ പ്രസന്നന്‍, എന്‍.കെ ശ്രീനന്ദ, സുറുമി, വിനീഷ, ലൂന എന്നിവരാണ് റോള്‍ പ്ലേയില്‍ അണിനിരന്നത്. വരദൂര്‍ പിഎച്ച്‌സി അസിസ്റ്റന്റ് സര്‍ജന്‍ ഡോ. അലോക്, ജെഎച്ച്‌ഐ നിഷ ബാലചന്ദ്രന്‍, സ്‌കൂള്‍ അധികൃതര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എംആര്‍എസിലെ 300 കുട്ടികള്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!