പുതിയ മാനദണ്ഡങ്ങള്‍ അംഗീകരിക്കില്ല നാളെ കലക്ട്രേറ്റ് ധര്‍ണ്ണ

0

 

എസ്.റ്റി പ്രമോട്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ പുതുതായി നിശ്ചയിച്ച പ്രായപരിധിയും വിദ്യാഭാസ യോഗതയും അംഗീകരിക്കാന്‍ കഴിയില്ലെന്ന് നിലവിലെ പ്രമോട്ടര്‍മാര്‍. പഴയ പ്രായപരിധിയും വിദ്യാഭ്യാസ യോഗ്യതയും നിലനിര്‍ത്തണമെന്നും പ്രമോട്ടര്‍മാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ കലക്ട്രേറ്റില്‍ ധര്‍ണ്ണയെന്നും സംഘടിപ്പിക്കും.നിലവില്‍ 25 വയസുമുതല്‍ 55 വരെ പ്രായമുള്ളവരെയും 8-ാം ക്ലാസ്സ് വിദ്യാഭ്യാസവുമായിരുന്നു മാനദണ്ഡം എന്നാല്‍ ഇപ്പോള്‍ പുതിയ മാനദണ്ഡമനുസരിച്ച് പ്രായപരിധി 20 വയസുമുതല്‍ 35 വയസുവരെയും 10-ാം ക്ലാസ്സ് വിദ്യാഭ്യാസ യോഗ്യതയും ആക്കിയതാണ് പ്രമോട്ടര്‍മാരെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലെത്തിച്ചത്.

നിലവില്‍ പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനും സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ താഴെ തട്ടിലെത്തിക്കുന്നതിനുമായാണ് സംസ്ഥാനത്ത് എസ്.റ്റി പ്രമോട്ടര്‍മാരെ നിയമിച്ചിട്ടുള്ളത്. സംസ്ഥാനത്ത് 1182 പേരും വയനാട് ജില്ലയില്‍ 352 പേരുമാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്.പുതിയ മാനദണ്ഡപ്രകാരം ജില്ലയിലും സംസ്ഥാനത്തും പ്രവര്‍ത്തിക്കുന്ന പ്രമോട്ടര്‍മാര്‍ പകുതിയിലധികവും പുറത്താകുമെന്ന അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്.തുഛമായ വേതനത്തില്‍ പണിയെടുക്കുന്ന പ്രമോട്ടമാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ പഴയ മാനദണ്ഡം തന്നെ നടപ്പാക്കണമെന്നാണ് പ്രമോട്ടര്‍മാര്‍ പറയുന്നത്. പ്രതിഷേധ സൂചകമായി നാളെ (17 ന് ) കലക്ട്രേറ്റിനു മുന്‍പില്‍ ധര്‍ണ്ണ നടത്തുമെന്നും പ്രമോട്ടര്‍മാര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കെ.ബി. വിജേഷ്, എം.ലീലാദേവി, സിന്ധു വിജയന്‍, എം.ആര്‍. സതി, ബിന്ദു ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!