വഴികാട്ടിയായി ഹരിത മിത്രം; അജൈവമാലിന്യ സംസ്‌കരണം സ്മാര്‍ട്ടാകും

0

ജില്ലയിലെ 10 തദ്ദേശ സ്ഥാപനങ്ങളില്‍ അജൈവമാലിന്യ സംസ്‌കരണം സ്മാര്‍ട്ടാകും. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മാനേജ്‌മെന്റ് സിസ്റ്റം മൊബൈല്‍ ആപ്ലിക്കേഷനാണ് ഒരുങ്ങുന്നത്. സംസ്ഥാന തലത്തില്‍ നടപ്പാക്കുന്ന ഹരിത മിത്രം ആപ്ലിക്കേഷന്‍ ജില്ലയില്‍ ആദ്യഘട്ടത്തില്‍ ഒന്‍പത് പഞ്ചായത്തുകളിലും ഒരു നഗരസഭയിലുമാണ് നടപ്പാക്കുന്നത്. കോട്ടത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി, അമ്പലവയല്‍, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, മീനങ്ങാടി എന്നീ ഗ്രാമപഞ്ചായത്തുകളിലും കല്‍പ്പറ്റ നഗരസഭയിലും ഹരിത മിത്രം ആപ് മാലിന്യ സംസ്‌കരണത്തിന് വഴികാട്ടും.

മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റല്‍ സംവിധാനത്തിലൂടെ സംസ്ഥാനതലം മുതല്‍ തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡ്തലം വരെ ആപ്ലിക്കേഷന്‍ വഴി നിരീക്ഷിക്കും. കെല്‍ട്രോണിന്റെ സാങ്കേതിക സഹായത്തോടെ ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, കില എന്നിവയുടെ സഹകരണത്തോടെയാണ് ഹരിത മിത്രം ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്.
വീടുകള്‍, കടകള്‍, ആശുപത്രികള്‍, ഓഡിറ്റോറിയങ്ങള്‍, ആരാധനാലയങ്ങള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങിയ ഇടളില്‍ മാലിന്യ സംസ്‌കരണം ഇനി എളുപ്പമാകും.

കൃത്യമായി യൂസര്‍ഫീ ലഭിക്കാത്തത് ഹരിത കര്‍മ്മ സേന നേരിടുന്ന വെല്ലുവിളിയായിരുന്നു. ആപ്പ് വരുന്നതോടെ യൂസര്‍ഫീ നല്‍കാത്ത വീടുകളെയും സ്ഥാപനങ്ങളെയും എളുപ്പത്തില്‍ കണ്ടുപിടിക്കാനാകും. ഇതിലൂടെ വാതില്‍പ്പടി ശേഖരണം കാര്യക്ഷമമാകും. ഗുണഭോക്താക്കള്‍ക്ക് സേവനം ആവശ്യപ്പെടുന്നതിനും ഫീസുകള്‍ അടയ്ക്കുന്നതിനും ആപ്പില്‍ സംവിധാനമുണ്ടാകും. മലിനീകരണ പ്രശ്‌നങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും എംസിഎഫ്/മിനി എംസിഎഫ് ലൊക്കേഷന്‍ മാപ്പ്, മാലിന്യവും പാഴ് വസ്തുക്കളും നീക്കം ചെയ്യുന്നതിനുപയോഗിക്കുന്ന വാഹനങ്ങളുടെ സഞ്ചാരദിശ എന്നിവ ജി.പി.എസ് സംവിധാനം വഴി ട്രാക്ക് ചെയ്യാനും സാധിക്കും. മാലിന്യ സംസ്‌കരണം തല്‍സമയം നിരീക്ഷിക്കുന്നതിനുള്ള ഡാഷ്‌ബോര്‍ഡ് ഉള്‍പ്പടെയുള്ള സമഗ്രമായ വെബ് പേര്‍ട്ടല്‍ മാനേജ്‌മെന്റ് സംവിധാനത്തിലുണ്ടാകും.

ഡാറ്റാ ബേസ്, ടെക്‌നീഷ്യന്‍സ് ആപ്പ്, കസ്റ്റമര്‍ ആപ്പ്, എം.സി.എസ്/ആര്‍ആര്‍എഫ് ആപ്പ്, വെബ് പേര്‍ട്ടല്‍ തുടങ്ങിയ അഞ്ച് ഘടകങ്ങള്‍ ആപ്പില്‍ ലഭ്യമാകും. തദ്ദേശ സ്ഥാപനങ്ങളില്‍ വിശദമായ വിവരശേഖരണം നടത്തിയാണ് ആപ്പില്‍ ഡാറ്റാ ബേസ് ഉണ്ടാക്കുന്നത്. വീടുകള്‍, ഫ്‌ളാറ്റുകള്‍, വ്യാപാര -വ്യവസായ സ്ഥാപനങ്ങള്‍, ഓഡിറ്റോറിയങ്ങള്‍, ചന്തകള്‍ പൊതുസ്ഥലങ്ങള്‍, ഓഫീസുകള്‍ തുടങ്ങി മാലിന്യം രൂപപ്പെടാന്‍ സാധ്യതയുള്ള മുഴുവന്‍ പ്രദേശങ്ങളും സര്‍വ്വേ നടത്തി മൊബൈല്‍ ആപ്പില്‍ രേഖപ്പെടുത്തും. വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മൊബൈല്‍ ആപ്പില്‍ നിന്നും ക്യൂ.ആര്‍ കോഡ് സ്റ്റിക്കര്‍ ലഭിക്കും. ഇത്തരത്തിലുള്ള ഡിജിറ്റല്‍വല്‍ക്കരണം അജൈവ മാലിന്യ സംസ്‌കരണരംഗത്തിന് വഴിത്തിരിവാകും.

Leave A Reply

Your email address will not be published.

error: Content is protected !!