സംസ്ഥാനത്തെ ഒന്നു മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ഏപ്രില്‍ പത്തോടെ തുടങ്ങാന്‍ തീരുമാനം. അധ്യാപക സംഘടനകളുമായി വിദ്യാഭ്യാസ മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. പരീക്ഷകള്‍ക്ക് മുന്നോടിയായി പാഠഭാഗങ്ങള്‍ അടുത്ത മാസം 31 ഓടെ പഠിപ്പിച്ചു തീര്‍ക്കും. ഈ മാസം 21 മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ബന്ധമല്ല. ആവശ്യമുള്ള അധ്യാപകര്‍ക്ക് മാത്രം ക്ലാസുകള്‍ എടുക്കാം. കൈറ്റ് വിക്ടേഴ്‌സ് വഴിയുള്ള ഡിജിറ്റല്‍ ക്ലാസ്സുകള്‍ തുടരും. അടുത്ത തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ വൈകുന്നേരം വരെ ക്ലാസുകള്‍ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്‍രെ തീരുമാനം. ഇതിന് മുന്നോടിയായാണ് വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയില്‍ അധ്യാപക സംഘടനകളുടെ അടക്കം യോഗം ചേര്‍ന്നത്.
10, പ്ലസ് ടു പരീക്ഷകള്‍ക്കായി നിശ്ചയിച്ച ഫോക്കസ് ഏരിയയിലും പരീക്ഷാ തീയതികളിലും മാറ്റമുണ്ടാകില്ല. അധ്യാപക സംഘടനകളുടെ ആവശ്യം പരിഗണിച്ച് ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലെ ശനിയാഴ്ചകള്‍ മാത്രം പ്രവര്‍ത്തി ദിനങ്ങള്‍ ആക്കി പുതിയ ഉത്തരവിറക്കും.
സംസ്ഥാനത്ത് ഈ മാസം 21 മുതല്‍ സ്‌കൂളുകള്‍ സാധാരണ നിലയിലേക്ക് പ്രവര്‍ത്തനം മാറ്റും. 21 മുതല്‍ മുഴുവന്‍ കുട്ടികളെയും ഉള്‍ക്കൊള്ളിച്ച് ക്ലാസുകള്‍ വൈകുന്നേരം വരെ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. പ്രീ പ്രൈമറി ക്ലാസ്സുകള്‍ പകുതി കുട്ടികളെ ഉള്‍ക്കൊള്ളിച്ച് തിങ്കള്‍ മുതല്‍ വെള്ളി വരെ നടക്കും. ഒന്നു മുതല്‍ ഒന്‍പതു വരെയുള്ള ക്ലാസുകളില്‍ വാര്‍ഷിക പരീക്ഷ നടത്തും. പൊതുഅവധി ഒഴികെയുള്ള ശനിയാഴ്ചകള്‍ പ്രവര്‍ത്തി ദിനമായിരിക്കും. അതേസമയം പ്രീ പ്രൈമറി യും ഒന്നു മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസ്സുകളും നാളെ മുതല്‍ ഒരാഴ്ചത്തേക്ക് ഉച്ചവരെ ആണ് നടക്കുക.
എസ്എസ്എല്‍സി പ്ലസ് ടു മോഡല്‍ പരീക്ഷകള്‍ നേരത്തെ നിശ്ചയിച്ച പ്രകാരം അടുത്ത മാസം 16ന് ആരംഭിക്കും. പൊതുഅവധി ഒഴികെയുള്ള ശനിയാഴ്ചകള്‍ പ്രവര്‍ത്തി ദിനമായിരിക്കും. വിദ്യാര്‍ഥികള്‍ യൂണിഫോം ധരിക്കുന്നതാണ് നല്ലതെന്നും മന്ത്രി പറഞ്ഞു.