അന്തര്‍ജില്ലാ തട്ടിപ്പുകാരന്‍ അറസ്റ്റില്‍

0

സംസ്ഥാനത്തെ 14 ജില്ലകളിലും ഇന്‍സ്റ്റാള്‍മെന്റ് വ്യവസ്ഥയില്‍ ഗൃഹോപകരണങ്ങളും ഫര്‍ണിച്ചറുകളും നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അഡ്വാന്‍സ് വാങ്ങി സാധനം നല്‍കാതെ തട്ടിപ്പു നടത്തുന്ന പേരിയ സ്വദേശി ബെന്നിയാണ് പാലാ പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ആറു മാസമായി പാലാ പോലീസ് സ്റ്റേഷന്‍ ലിമിറ്റിലുള്ള പല സ്ഥലങ്ങളില്‍നിന്നും ഇയാള്‍ ഇന്‍സ്റ്റാള്‍മെന്റ് വ്യവസ്ഥയില്‍ സാധനങ്ങള്‍ നല്‍കാം എന്നുപറഞ്ഞ് പല വീടുകളില്‍ നിന്നും അഡ്വാന്‍സായി തുക കൈപ്പറ്റിയിരുന്നു. പിന്നീട് പറഞ്ഞ സമയത്തിനുള്ളില്‍ സാധനം ലഭിക്കാതെ വരുമ്പോള്‍ വിളിക്കുന്ന ആളുകളോട് മോശമായി സംസാരിക്കുകയും സ്ത്രീകളോട് അശ്ലീല ച്ചുവയോടെ സംസാരിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ഇയാളെ കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചിരുന്നെങ്കിലും ഓരോ ദിവസവും ഓരോ ജില്ലകളിലൂടെ കറങ്ങി നടന്ന് തട്ടിപ്പ് നടത്തിയിരുന്നതിനാല്‍ ഇയാളെ പിടികൂടാന്‍ സാധിച്ചിരുന്നില്ല.
തുടര്‍ന്ന് പാലാ ഡിവൈഎസ്പി ഷാജു ജോസ് പ്രതിയെ പിടികൂടാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.2000 രൂപയോ അതില്‍ താഴെയോ മാത്രമേ ഇയാള്‍ അഡ്വാന്‍സായി വാങ്ങിയിരുന്നുള്ളു. അതുകൊണ്ടുതന്നെ കൂടുതല്‍ പേര്‍ പരാതിയുമായി പോയിരുന്നില്ല. സ്ത്രീകള്‍ മാത്രം ഉള്ള വീടുകളില്‍ ആയിരുന്നു ഇയാള്‍ കൂടുതലും തട്ടിപ്പ് നടത്തിയിരുന്നത്. കഴിഞ്ഞ കുറെ നാളുകളായി സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്ന ഇയാളെ വനിതാ പോലീസ് ചാറ്റ് ചെയ്ത് സൗഹൃദത്തിലായി കാണാനെന്ന വ്യാജേന പാലായില്‍ വിളിച്ചുവരുത്തി പിടികൂടുകയായിരുന്നു.

ഇയാളെ ചോദ്യം ചെയ്തതില്‍ കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ഇയാള്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമായി 15 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന് സമ്മതിച്ചു. തട്ടിപ്പിലൂടെ കിട്ടുന്ന തുക ചെരുപ്പുകള്‍ വാങ്ങി കൂട്ടുന്നതിനും മദ്യപാനത്തിനും മസ്സാജിങ്ങ് സെന്ററുകളില്‍ തിരുമ്മു ചികിത്സയ്ക്കുമായി ചെലവഴിക്കുകയായിരുന്നു. കോട്ടയത്ത് ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജില്‍ നിന്നും നിരവധി രസീത് കുറ്റികളും 400 ജോഡി ചെരുപ്പുകളും പോലീസ് കണ്ടെടുത്തു

സമാനരീതിയിലുള്ള തട്ടിപ്പ് നടത്തിയതിന് ഇയാള്‍ക്കെതിരെ കേരളത്തിലെ പത്തോളം ജില്ലകളില്‍ കേസുകള്‍ നിലവിലുണ്ട്. ആറുമാസം മുമ്പാണ് ഇയാള്‍ ജയിലില്‍ നിന്നും ഇറങ്ങിയത്. മുന്‍ ആരോഗ്യ മന്ത്രി ശൈലജ ടീച്ചറിനെതിരെ അപകീര്‍ത്തികരമായ പോസ്റ്റ് ഇട്ടതിന് കണ്ണൂര്‍ കേളകം പോലീസ് സ്റ്റേഷനിലും കൊച്ചിയിലെ വനിതാ ജഡ്ജിയോട് ഫോണില്‍ അശ്ലീല സംസാരം നടത്തിയതിനും കേസുകള്‍ നിലവിലുണ്ട്. ഇയാളെ പിടികൂടിയത് അറിഞ്ഞ് കേരളത്തിലെ എല്ലാ ജില്ലകളിലും നിന്ന് നൂറു കണക്കിന് ഫോണ്‍കോളുകളാണ് സ്റ്റേഷനില്‍ എത്തിക്കൊണ്ടിരിക്കുന്നത്.

ഇയാള്‍ക്കെതിരെ പരാതി ലഭിക്കുമ്പോള്‍ സ്റ്റേഷനില്‍നിന്നും വിളിക്കുന്ന പോലീസുകാരെ ചീത്ത വിളിക്കുന്നതും ഇയാളുടെ പതിവായിരുന്നു.പാലാ SHO കെ പി തോംസണ്‍, എസ് ഐ അഭിലാഷ് എം ഡി, എഎസ്‌ഐ ബിജു കെ തോമസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിനുമോള്‍, ഷെറിന്‍ സ്റ്റീഫന്‍ ഹരികുമാര്‍ സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്

 

Leave A Reply

Your email address will not be published.

error: Content is protected !!