സംസ്ഥാനത്ത് അധ്യാപകരുടെ വാക്‌സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്ലസ് വണ്‍ കേസിലെ സുപ്രീംകോടതി വിധി അറിഞ്ഞശേഷം മാത്രമായിരിക്കും സ്‌കൂള്‍ തുറക്കുന്നതില്‍ തീരുമാനം. നിലപാട് വകുപ്പ് സര്‍ക്കാരിന് രേഖാമൂലം നല്‍കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഇവിടെ പഠിക്കാന്‍ ആഗ്രഹിക്കുന്നവരെ ഉള്‍ക്കൊള്ളുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഒക്ടോബര്‍ നാല് മുതല്‍ അവസാന വര്‍ഷം ബിരുദ-ബിരാദാനന്തര ക്ലാസുകള്‍ തുടങ്ങാനുള്ള ഒരുക്കം തുടങ്ങിയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു. എല്ലാവര്‍ക്കും ഒരുമിച്ചായിരിക്കില്ല ഓഫ് ലൈന്‍ ക്ലാസ്. കൊവിഡ് മാനദണ്ഡം മാനിച്ചുള്ള ക്രമീകരണം നടത്തും. സംസ്ഥാനത്ത് ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസുകള്‍ നടത്തിയോ അല്ലെങ്കില്‍ രണ്ട് ഷിഫ്റ്റുകളായോ കോളേജുകള്‍ തുറക്കാനാണ് ആലോചന. വിദ്യാര്‍ത്ഥികള്‍ക്ക് അതത് സ്ഥാപനങ്ങളില്‍ തന്നെ വാക്‌സിന്‍ ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. ഈ മാസം 10ന് സ്ഥാപന മേധാവികളുടെ വിപുലമായ യോഗം ചേരും. അധ്യാപകരുടെ വാക്‌സിനേഷന്‍ ഇതിനകം തീര്‍ക്കും.