നഷ്ടപരിഹാരം നല്‍കാന്‍ അധികൃതര്‍ തയ്യാറാവണം
കുറുക്കന്‍ മൂലയില്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട വളര്‍ത്തുമൃഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് മാനന്തവാടി നഗരസഭ കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി. നഷ്ടപരിഹാരം വാങ്ങിച്ചു നല്‍കുന്ന കാര്യത്തില്‍ ഒ.ആര്‍.കേളു എംഎല്‍എയുടെ ഭാഗത്ത് ഗുരുതര വീഴയുണ്ടെന്നും നഷ്ടപരിഹാരം നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ പ്രത്യക്ഷ സമരമെന്നും കൗണ്‍സിലര്‍മാര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
2021 നവംബര്‍ മാസം മുതല്‍ ഒരു മാസകാലത്തോളം ഉണ്ടായ കടുവ ആക്രമണത്തില്‍ കുറുക്കന്‍മൂല, പയ്യംമ്പള്ളി പ്രദേശങ്ങളില്‍ ഇരുപതോളം വളര്‍ത്തുമൃഗങ്ങളാണ് കൊല്ലപ്പെട്ടത്. തുഛമായ നഷ്ടപരിഹാരമായിരുന്ന വനം വകുപ്പ് പ്രഖ്യാപിച്ചത്.എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് നഷ്ടപരിഹാരം നല്‍കുന്നതിന് സബ്ബ് കലക്ടറുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും കമ്മിറ്റി രൂപീകരിച്ച് നഷ്ടപരിഹാരം തീരുമാനിക്കുകയും ജില്ലയിലെ എം.എല്‍.എമാരുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപന അദ്ധ്യക്ഷന്‍മാരുടെയും ജില്ലാ വികസന സമിതിയും തീരുമാനം അംഗീകരിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും നഷ്ടപരിഹാരം നല്‍കാന്‍ ഇതുവരെ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് ജേക്കബ് സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍മാരായ ഷിബു കെ ജോര്‍ജ് , ആലീസ് സിസില്‍, റ്റിജി ജോണ്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.