ഓണം: പൊതുഗതാഗത നിയന്ത്രണം ഒഴിവാക്കി

0

 സംസ്ഥാനത്ത് പൊതുഗതാഗതത്തിനു ഉണ്ടായിരുന്ന നിയന്ത്രണം ഒഴിവാക്കി. ഓണത്തോട് അനുബന്ധിച്ചാണ് നിയന്ത്രണം ഒഴിവാക്കിയത്. സെപ്റ്റംബര്‍ ഒന്ന് വരെയാണ് ഇളവ്. ഇക്കാലയളവില്‍ ബസുകള്‍ക്ക് കേരളത്തില്‍ എവിടേയും സര്‍വീസ് നടത്താം. കെഎസ്ആര്‍ടിസിക്ക് സാധാരണ നിലയിലുള്ള സര്‍വീസ് നടത്താം. നേരത്തെ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പൊതുഗതാഗതത്തിനു നിയന്ത്രണമുണ്ടായിരുന്നു. രാവിലെ 6 മണിമുതല്‍ രാത്രി 10 വരെ ഇത്തരത്തില്‍ സര്‍വീസ് നടത്താമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

ഓണം പ്രമാണിച്ച് സെപ്റ്റംബര്‍ രണ്ടു വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ കച്ചവട സ്ഥാപനങ്ങള്‍ക്കും കടകള്‍ക്കും പ്രവര്‍ത്തന സമയത്തിലുള്ള നിയന്ത്രണങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.ഈ ദിവസങ്ങളില്‍ കടകള്‍ രാത്രി ഒന്‍പത് വരെ തുറന്നു പ്രവര്‍ത്തിക്കാമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേഹ്ത്ത അറിയിച്ചു. എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലെ കടകളും കച്ചവട സ്ഥാപനങ്ങളും നിലവിലെ മാര്‍ഗനിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കണം.സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലറ്റുകള്‍ വഴിയുള്ള മദ്യവില്‍പ്പന സമയവും പുനഃക്രമീകരിച്ചിട്ടുണ്ട്. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ഏഴ് വരെ മദ്യവില്‍പ്പന നടത്താം. നേരത്തെ ഇത് അഞ്ച് മണി വരെയായിരുന്നു. ഓണക്കാലത്തെ തിരക്കും മറ്റും പരിഗണിച്ചാണ് പ്രവര്‍ത്തനസമയം വൈകീട്ട് ഏഴ് വരെ നീട്ടിയത്. വെള്ളിയാഴ്ച മുതല്‍ പുതിയ പ്രവര്‍ത്തനസമയം നിലവില്‍വരും. ബെവ്ക്യൂ ആപ് വഴി മദ്യം ഓര്‍ഡര്‍ ചെയ്യുന്നതിനുള്ള മൂന്ന് ദിവസത്തെ വ്യവസ്ഥ നീക്കി. ആപ് വഴി എല്ലാദിവസവും മദ്യം ഓര്‍ഡര്‍ ചെയ്യാന്‍ ഇനിമുതല്‍ സാധിക്കും. ഒരു ഔട്ട്ലെറ്റില്‍ 400 ടോക്കണ്‍ എന്നതു 600 ആക്കി പുതുക്കി നിശ്ചയിച്ചു. കള്ള് ഷാപ്പുകള്‍ക്ക് രാവിലെ എട്ട് മുതല്‍ വൈകീട്ട് ഏഴ് വരെ പ്രവര്‍ത്തിക്കാനും അനുമതി. ബാറുകളുടെ സമയക്രമത്തില്‍ മാറ്റമില്ല. ബാറുകളില്‍ വൈകീട്ട് അഞ്ച് വരെ മാത്രമായിരിക്കും മദ്യവില്‍പ്പന. അതേസമയം, ഓണത്തോട് അനുബന്ധിച്ച് ആഘോഷങ്ങള്‍ക്ക് അനുമതിയില്ല.

Leave A Reply

Your email address will not be published.

error: Content is protected !!