സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയിലെ ഫോറന്‍സിക് സര്‍ജന്‍ ലീവായതോടെ നാല് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താനാവാതെ മോര്‍ച്ചറിയില്‍ സൂക്ഷിക്കേണ്ടി വന്നത് പ്രതിഷേധത്തിന് ഇടയാക്കി. കഴിഞ്ഞ ദിവസം എത്തിച്ച മൃതദേഹമടക്കമാണ് മണിക്കൂറുകളോളം മോര്‍ച്ചറിയില്‍ സൂക്ഷിക്കേണ്ടി വന്നത്.ബന്ധുക്കളുടെയും പൊതുപ്രവര്‍ത്തകരുടെയും പ്രതിഷേധം ശക്തമായതോടെ ഡിഎംഒ ഇടപെട്ട് ഡ്യൂട്ടി ഡോക്ടറെ കൊണ്ട് പോസ്റ്റ്‌മോര്‍ട്ടം നടത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.
മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവാന്‍ ആശുപത്രി അധികൃതര്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടു.ഇതോടെ പ്രതിഷേധവുമായി ബന്ധുക്കളും പൊതു പ്രവര്‍ത്തകരും രംഗത്തെത്തി. പോസ്റ്റ്‌മോര്‍ട്ടം നടത്താതെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലന്ന നിലപാടും പ്രതിഷേധക്കാര്‍ എടുത്തു. ഇതോടെ പ്രശ്‌നത്തില്‍ ഡിഎംഒ ഇടപ്പെടുകയും ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ട്ടറെ കൊണ്ട് പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ പുര്‍ത്തികരിച്ച് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയുമാണ് പ്രശ്‌നം പരിഹരിച്ചത്. എല്ലാവിധ ആധുനിക സൗകര്യങ്ങളും ഉള്ള പോസ്റ്റ്‌മോര്‍ട്ട യൂണിറ്റാണ് ബത്തേരിയിലുള്ളത്. എന്നാല്‍ ഇവിടെ ഫോറന്‍സിക് സര്‍ജന്റെ പോസ്റ്റ് ക്രിയേറ്റ് ചെയ്യാത്തതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നത്.