ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ അറിയിച്ചു. അപകട ഭീഷണിയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ സ്വമേധയാ സുരക്ഷിത സ്ഥാനങ്ങളിലേക്കോ ബന്ധു വീടുകളിലേക്കോ മാറിത്താമസിക്കണം. വീടിന് മുകളിലേക്കോ കെട്ടിടങ്ങള്‍ക്ക് മുകളിലേക്കോ വീഴാറായി നില്‍ക്കുന്ന മരങ്ങള്‍ സുരക്ഷിതമായി വെട്ടിമാറ്റണം. റോഡിന്റെ വശങ്ങളില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ ഉണ്ടെങ്കില്‍ അധികൃതരെ അറിയിക്കണം. അടിയന്തര സാഹചര്യങ്ങളില്‍ മലയോര പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്നവര്‍ അതീവ ശ്രദ്ധ പുലര്‍ത്തണം.
കുട്ടികളെ പുഴ, തോട് വെള്ളക്കെട്ടുകള്‍ എന്നിവിടങ്ങളിലേക്ക് പറഞ്ഞയക്കരുത്. തോടുകളിലും പുഴകളിലും മുതിര്‍ന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ മീന്‍ പിടിക്കുന്നത് ഒഴിവാക്കണം. വീട്, കെട്ടിടം, മറ്റ് നിര്‍മ്മാണങ്ങള്‍ക്കായി രണ്ടു മീറ്ററിലധികം മണ്ണെടുത്ത പ്രദേശങ്ങളില്‍ താമസിക്കുന്നവരും പുഴയോരങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കണം. സര്‍ക്കാറിന്റെ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണം. അധികൃതര്‍ ക്യാമ്പുകളിലേക്കോ മറ്റു സുരക്ഷിത സ്ഥലങ്ങളിലേക്കോ മാറിത്താമസിക്കാന്‍ ആവശ്യപ്പെട്ടാല്‍ അനുസരിക്കണം. കാറ്റിലോ മരം വീണോ ഇലക്ട്രിക്കല്‍ ലൈന്‍ പൊട്ടിവീണത് ശ്രദ്ധയില്‍ പെട്ടാല്‍ അധികൃതരെ ഉടന്‍ വിവരമറിയിക്കണം. അത്തരം ലൈനുകളില്‍ സ്പര്‍ശിക്കുകയോ സമീപത്തേക്ക് പോവുകയോ ചെയ്യരുത്. വീട്, കിണര്‍, ചുറ്റുമതില്‍, സംരക്ഷണ ഭിത്തികള്‍ എന്നിവ സുരക്ഷിതമാണോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തണം. ജില്ലയിലെ സ്ഥിതിഗതികള്‍ ജില്ലാ ഭരണ കൂടം വിലയിരുത്തുന്നുണ്ട്. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പൊതുജനങ്ങളും ഒരു പോലെ ജാഗ്രത പുലര്‍ത്തണം. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്റ്റര്‍ അറിയിച്ചു.