സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് സെന്‍ട്രല്‍ സ്റ്റേഡിയത്തിൽ തന്നെ നടക്കും, എന്നാല്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കും. ഇടത് കേന്ദ്രത്തിൽ നിന്നടക്കം വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്‌ക്കാൻ ധാരണയായത്. സാമൂഹിക അകലം കൃത്യമായി പാലിക്കും. അധികം ആളുകൾ ഉണ്ടാവില്ലെന്നും സി.പി.എം. – സി.പി.ഐ. ഉഭയകക്ഷി ചര്‍ച്ചയിൽ തീരുമാനമായി.
ചടങ്ങിൽ പരമാവധി 250- 300 പേരെ പങ്കെടുപ്പിക്കാനാകും തീരുമാനം. ഇരുപതിന് വൈകീട്ട് 3.30 നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. പന്തലിന്‍റെ ജോലികൾ സെൻട്രൽ സ്റ്റേഡിയത്തിൽ പുരോഗമിക്കുകയാണ്.
അതേസമയം, എല്‍ഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ആഘോഷമാക്കരുതെന്ന് സിപിഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വം പറഞ്ഞു. കൊവിഡ്, ട്രിപ്പിള്‍ ലോക്ഡൗണ്‍, മഴക്കെടുതി എന്നിവയുടെ പശ്ചാത്തലത്തിൽ സത്യപ്രതിജ്ഞാ മന്ത്രിമാര്‍ അവരുടെ കുടുംബാംഗങ്ങള്‍, അനിവാര്യരായ ഉദ്യോഗസ്ഥര്‍ മാത്രമായി പങ്കെടുക്കുന്ന വിധം ചുരുക്കുന്നതല്ലേ ഉചിതമെന്ന് ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.