പനമരത്തെ ജനാര്‍ദനഗുഡിയുടെ പൊളിച്ചു നീക്കല്‍ പ്രവൃത്തികള്‍ ആരംഭിച്ചു. ക്രെയിന്‍ ഉപയോഗിച്ച് കല്ലുകള്‍ ഓരോന്നായി പൊളിച്ചെടുത്ത് വീണ്ടും നമ്പറിട്ട ശേഷം ക്ഷേത്രത്തിന് പുറകില്‍ അടുക്കി വെക്കുന്ന പ്രവൃത്തികളാണ് തുടങ്ങിയത്. ഇന്നലെ രാവിലെയാണ് വൈഷ്ണവ ഗുഡിക്ക് പിന്നാലെ പനമരത്തെ ജനാര്‍ദനഗുഡിയുടെ കല്‍ത്തൂണുകളും പാളികളും ഉപയോഗിച്ച് നിര്‍മ്മിച്ച ശിലാപാളികള്‍ പൊളിച്ചു നീക്കാന്‍ തുടങ്ങിയത്. കല്ലമ്പലം മുഴുവനായും പൊളിച്ചു മാറ്റാന്‍ പത്തു മുതല്‍ പതിനഞ്ച് ദിവസത്തോളം സമയമെടുക്കുമെന്നാണ് പുരാവസ്തു വകുപ്പിന്റെ വിലയിരുത്തല്‍.
മുഴുവനായും പൊളിച്ചു നീക്കിയ ശേഷം പൂര്‍വ്വസ്ഥിതിയില്‍ ക്ഷേത്രം പുതുക്കിപണിയും.കാലപ്പഴക്കത്താല്‍ തകര്‍ച്ചാഭീഷണി നേരിടുന്ന അതിപുരാതന ചരിത്രശേഷിപ്പുകളാണ് പനമരത്തെ ജനാര്‍ദനഗുഡിയും വൈഷ്ണവ ഗുഡിയും. പൂര്‍ണമായും കരിങ്കല്‍ പാളികള്‍ കൊണ്ട് നിര്‍മിച്ച രണ്ട് കല്ലമ്പലങ്ങളാണ് ഇവ. പഴക്കമുള്ള ഈ ജൈനക്ഷേത്രങ്ങള്‍ കുറച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് തകരാന്‍ തുടങ്ങി. ജനാര്‍ദനഗുഡിയുടെ ഗോപുര ഭാഗങ്ങള്‍ തകരുകയും പിന്നീട് മുഖമണ്ഡപവും കവാടവും നശിച്ചു. വിഷ്ണു ഗുഡിയുടെ തൂണുകള്‍ക്കും അടിത്തറയ്ക്കും കോട്ടം സംഭവിച്ചു. ക്ഷേത്രത്തിന് മുമ്പിലുണ്ടായിരുന്ന കുളവും നിഗത്തപ്പെട്ടു. സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായതോടെ കേന്ദ്ര പുരാവസ്തു വകുപ്പ് ഏറ്റെടുക്കുകയായിരുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ 2015 -ല്‍ വിഷ്ണു ഗുഡിയും 2016 -ല്‍ ജനാര്‍ദനഗുഡിയും ദേശീയ സ്മാരകമായി പ്രഖ്യാപിച്ചു.
കല്ലമ്പലങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിന്റെ ഭാഗമായി 2020 ഫെബ്രുവരി മാസത്തില്‍ വൈഷ്ണവഗുഡിക്ക് ചുറ്റും വേലി ഒരിക്കിയിരുന്നു. ഇപ്പോള്‍ ജനാര്‍ദനഗുഡിയും പൊളിച്ചു മാറ്റാന്‍ തുടങ്ങി. ഇതിനായി കഴിഞ്ഞ ആഴ്ച ഓരോന്നിനും നമ്പര്‍ ഇട്ടിരുന്നു. നമ്പര്‍ അനുസരിച്ച് പൊളിക്കുന്ന ശിലാപാളികള്‍ യഥാസ്ഥാനത്ത് സ്ഥാപിക്കുന്നതിന് വേണ്ടിയാണിത്. ജനാര്‍ദനഗുഡിയും പൊളിച്ചു മാറ്റിയ ശേഷം ഇരുകല്ലമ്പലങ്ങളും അതേപടി പുനര്‍നിര്‍മിക്കുകയാണ് ചെയ്യുക.