നിലം പൊത്താനായ വീടുകള്‍ക്കുള്ളില്‍ അന്തിയുറങ്ങുന്ന 2 കുടുബങ്ങള്‍. നൂല്‍പ്പുഴ കല്ലൂര്‍ പണപ്പാടി കാട്ടുനായ്ക്ക കോളനിയിലെ കല്യാണിയുടെയും, ബിന്ദുവിന്റെയും അവസ്ഥയാണിത്. സുരക്ഷിതമായ വീടിനായി അധികൃതര്‍ക്ക് മുന്നില്‍ അപേക്ഷകള്‍ സമര്‍പ്പിച്ചു മടുത്ത ഇവര്‍ താല്‍ക്കാലിക കൂരകളിലേക്ക് നിലവില്‍ താമസം മാറിയിരിക്കുകയാണ്.
16 വര്‍ഷംമുമ്പാണ് ഇവര്‍ക്ക് വീടുകള്‍ അനുവദിച്ചത്. എന്നാല്‍ കാലപ്പഴക്കത്താല്‍ ഇപ്പോള്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണ്. മേല്‍ക്കൂരയിലും ഭിത്തികളിലും വിളളല്‍ വീണ് ഏതുസമയവും തകര്‍ന്നടിയാമെന്ന അവസ്ഥയിലാണുള്ളത്. മഴപെയ്താല്‍ വെള്ളംമുഴുവന്‍ വീടുകള്‍ക്കുള്ളിലാണ് വീഴുന്നത്. ഇതോടെ കുടുംബങ്ങള്‍ മക്കളുമായി താമസം ഷീറ്റുകള്‍കൊണ്ട് തീര്‍ത്ത കൂരക്കുള്ളിലേക്ക് മാറ്റിയിരിക്കുകയാണ്.
ആറു വര്‍ഷത്തോളമായി ഈ കുടുംബങ്ങള്‍ വീടുകള്‍്ക്കായി അപേക്ഷകള്‍ നല്‍കി അധികൃതരുടെ കനിവിനായി കാത്തിരിക്കുന്നു. എന്നാല്‍ ഇവരുടെ ദയനീയ അവസ്ഥ കണ്ടിട്ടും കണ്ടില്ലന്ന നടിക്കുകയാണന്നാണ് കുടുംബങ്ങള്‍ പറയുന്നത്. കുടുംബങ്ങളുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാവണമെന്നാണ് സമീപവാസികളുടെയും ആവശ്യം.