രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്‌ഐ ആക്രമിച്ച സംഭവത്തില്‍ പൊലീസിന് ജാഗ്രതക്കുറവുണ്ടായെന്ന് പ്രാഥമിക വിലയിരുത്തല്‍. എഡിജിപി മനോജ് എബ്രഹാമിന്റെ അന്വേഷണത്തിലാണ് കണ്ടെത്തല്‍. വിശദമായ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും.എസ്എഫ്‌ഐ മാര്‍ച്ചിനെ പ്രതിരോധിക്കാന്‍ വേണ്ട സുരക്ഷ ഒരുക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചു. ദേശീയ നേതാവിന്റെ ഓഫീസാണെന്ന പ്രാധാന്യത്തോടെ സുരക്ഷ നല്‍കിയില്ല. പൊലീസിനെ മറികടന്ന് പ്രവര്‍ത്തകര്‍ ഓഫീസിനുള്ളില്‍ കയറിയിട്ടും നടപടിയെടുക്കുന്നതില്‍ വീഴ്ചയുണ്ടായെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
വയനാട്ടില്‍ ക്യാമ്പ് ചെയ്താണ് മനോജ് എബ്രഹാം അന്വേഷണം നടത്തുന്നത്. പൊലീസ് വീഴ്ചയെന്ന പരാതിക്ക് പിന്നാലെ എംപി ഓഫീസിന്റെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന കല്‍പറ്റ ഡിവൈഎസ്പി സുനില്‍ കുമാറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.