കോവിഡ് ചികിത്സയ്ക്ക് വായ്പയുമായി പൊതുമേഖലാ ബാങ്കുകള്‍; 25,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ നല്‍കും

0

കോവിഡ് ചികിത്സയ്ക്ക് വായ്പ നല്‍കാനുള്ള പദ്ധതിയുമായി രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍. ചികിത്സയ്ക്കായി 25,000 രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെയാണ് പേഴ്സണല്‍ ലോണ്‍ ആയി അനുവദിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ശമ്പളക്കാര്‍ക്കും ശമ്പളക്കാരല്ലാത്തവര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ലളിതമായ നടപടിക്രമങ്ങളിലൂടെ വായ്പ നല്‍കാനാണ് തീരുമാനമെന്ന് ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ ചെയര്‍മാന്‍ രാജ് കിരണ്‍ റായ് അറിയിച്ചു. ഇതോടൊപ്പം വ്യക്തികളുടെ നിലവിലുള്ള വായ്പകള്‍ പുനക്രമീകരിച്ചു നല്‍കാന്‍ ഏകീകൃതമായ പ്രക്രിയകളും മാനദണ്ഡങ്ങളും ഏര്‍പ്പെടുത്തും.

കോവിഡ് പ്രതിസന്ധി നേരിടാന്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച അടിയന്തര വായ്പാപദ്ധതികള്‍ നടപ്പാക്കിത്തുടങ്ങിയതായും ഐ.ബി.എ വ്യക്തമാക്കി. കോവിഡ് വായ്പയില്‍ പണലഭ്യതയനുസരിച്ച് ഓരോ ബാങ്കിലും പലിശ നിരക്കില്‍ വ്യത്യാസമുണ്ടാകും. എസ്.ബി.ഐ. യില്‍ 8.5 ശതമാനമായിരിക്കും പലിശ നിരക്കെന്ന് ചെയര്‍മാന്‍ ദിനേശ് ഖാര പറഞ്ഞു

അഞ്ചുവര്‍ഷമാണ് വായ്പാ കാലാവധി. കോവിഡ് വായ്പകള്‍ക്ക് മുന്‍ഗണനാ വായ്പകളുടെ പരിഗണന ലഭിക്കുമെന്ന് ഐ.ബി.എ. ചെയര്‍മാന്‍ രാജ് കിരണ്‍ റായ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

കോവിഡ് ചികില്‍സയ്ക്കായി നല്‍കുന്ന വായ്പകള്‍ക്ക് സാധാരണയിലും കുറഞ്ഞ നിരക്കിലുള്ള പലിശയായിരിക്കും ബാധകം. ആറു മാസം മോറട്ടോറിയത്തോടെ 60 മാസം വരെ കാലാവധിയുള്ള പേഴ്സണല്‍ ലോണുകളാണ് ചില പൊതുമേഖലാ ബാങ്കുകള്‍ ഇപ്പോള്‍ നല്‍കി വരുന്നത്. 8.5 ശതമാനമാണ് ഇവയുടെ നിരക്ക്. പ്രോസസിങ് ചാര്‍ജ് ഇളവുണ്ട്. ബാങ്ക് അക്കൗണ്ട് വഴി കഴിഞ്ഞ ഒരു വര്‍ഷമെങ്കിലും ശമ്പളമോ പെന്‍ഷനോ വാങ്ങിയിട്ടുള്ളവര്‍, നിലവിലെ വായ്പാ ഉപഭോക്താക്കള്‍, ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്ന മറ്റ് അക്കൗണ്ട് ഉടമകള്‍ എന്നിവര്‍ക്കാണ് നിലവിലുള്ള പദ്ധതി പ്രകാരം പല ബാങ്കുകളും കോവിഡ് ചികില്‍സയ്ക്ക് വായ്പ നല്‍കുന്നത്.

ആരോഗ്യ മേഖലയ്ക്കായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗാരന്റി സ്‌കീമില്‍ (ഇ.സി.എല്‍.ജി.എസ്.) ഉള്‍പ്പെടുത്തി ആശുപത്രികള്‍ക്കും നഴ്‌സിങ് ഹോമുകള്‍ക്കും ഓക്‌സിജന്‍ പ്ലാന്റും വൈദ്യുതി ബാക്കപ്പ് സംവിധാനവും ഒരുക്കുന്നതിന് രണ്ടുകോടി രൂപവരെ അടിയന്തര ബിസിനസ് വായ്പയായി അനുവദിക്കും. 7.5 ശതമാനം നിരക്കിലുള്ള ഈ വായ്പ അഞ്ചുവര്‍ഷംകൊണ്ട് തിരിച്ചടച്ചാല്‍ മതിയാകും.

കൂടാതെ, ആരോഗ്യമേഖലയില്‍ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി ആശുപത്രികള്‍, നഴ്‌സിങ് ഹോമുകള്‍, ക്ലിനിക്കുകള്‍, ലാബുകള്‍, പതോളജി ലാബുകള്‍ തുടങ്ങിയവയ്ക്ക് വായ്പകള്‍ നല്‍കും. മെട്രോ നഗരങ്ങളില്‍ പരമാവധി 100 കോടിയും ടയര്‍-1 നഗരങ്ങളില്‍ 20 കോടിയും ടയര്‍-2 മുതല്‍ ടയര്‍ നാല് വരെയുള്ള കേന്ദ്രങ്ങളില്‍ പത്തുകോടി രൂപ വരെയുമാണ് വായ്പ അനുവദിക്കുക. കുറഞ്ഞ പലിശ നിരക്കില്‍ പത്തുവര്‍ഷ കാലാവധിയിലുള്ളതാണ് ഈ വായ്പകള്‍.

Leave A Reply

Your email address will not be published.

error: Content is protected !!