കോവിഡ്: വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശം

0

കോവിഡ് ബാധിച്ചു വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് ആരോഗ്യ വകുപ്പ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണു പുതിയ നിര്‍ദേശങ്ങള്‍. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണമെന്നും, കുടുംബാംഗങ്ങളുമായി സാമൂഹിക അകലം അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയാല്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തിലിരിക്കുകയും രോഗലക്ഷണങ്ങളുണ്ടായാല്‍ വൈദ്യസഹായം തേടുകയും ചെയ്യണം. മൂന്നു ദിവസം തുടര്‍ച്ചയായി കുറയാതെ തുടരുന്ന കടുത്ത പനി, ശ്വാസോച്ഛാസത്തിനുള്ള ബുദ്ധിമുട്ട്, നെഞ്ചില്‍ വേദനയും മര്‍ദവും അനുഭവപ്പെടുക, ആശയക്കുഴപ്പവും ഏഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ടും അനുഭവപ്പെടുക, കടുത്ത ക്ഷീണവും പേശീവേദനയും അനുഭവപ്പെടുക, ശരീരത്തില്‍ ഓക്സിജന്‍ അളവ് കുറയുക തുടങ്ങിയവയില്‍ ഏതെങ്കിലും ലക്ഷണങ്ങളുണ്ടെങ്കിലാണ് വൈദ്യസഹായം തേടേണ്ടത്.

രോഗം സ്ഥിരീകരിച്ച് വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ കുടുംബാംഗങ്ങളില്‍നിന്നു അകലം പാലിക്കണം. വായൂ സഞ്ചാരമുള്ള മുറിയിലാകണം ഐസൊലേഷനില്‍ കഴിയേണ്ടത്. എപ്പോഴും എന്‍95 മാസ്‌കോ ഡബിള്‍ മാസ്‌കോ ഉപയോഗിക്കണം. ധാരാളം പാനീയം കുടിക്കുകയും വിശ്രമിക്കുകയും വേണം. കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകുകയും സാനിറ്റൈസ് ചെയ്യുകയും വേണം. പാത്രങ്ങള്‍ ഉള്‍പ്പെടെ വ്യക്തിഗത ആവശ്യത്തിനായി ഉപയോഗിക്കുന്ന വസ്തുക്കള്‍ ആരുമായും പങ്കുവയ്ക്കരുത്. ഇടയ്ക്കിടെ സ്പര്‍ശിക്കുന്ന പ്രതലങ്ങള്‍ സോപ്പ്, ഡിറ്റര്‍ജന്റ്, വെള്ളം എന്നിവ ഉപയോഗിച്ചു വൃത്തിയാക്കണം. ഓക്സിജന്‍ അളവ്, ശരീര ഊഷ്മാവ് എന്നിവ കൃത്യമായി നിരീക്ഷിക്കണം.

കോവിഡ് പോസിറ്റിവായി ചുരുങ്ങിയത് ഏഴു ദിവസമെങ്കിലും പിന്നിടുകയോ മൂന്നു ദിവസങ്ങളില്‍ പനി ഇല്ലാതിരിക്കുകയോ ചെയ്താല്‍ ഹോം ഐസൊലേഷന്‍ അവസാനിപ്പിക്കാം. ഹോം ഐസൊലേഷന്‍ കാലാവധി കഴിഞ്ഞതിനു ശേഷം വീണ്ടും ടെസ്റ്റ് ചെയ്യേണ്ടതില്ല. മാക്സ് ധരിക്കുന്നതു തുടരണമെന്നും ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!