റിപ്പോര്‍ട്ടര്‍: അരുണ്‍ ചീരാല്‍
മഞ്ഞുപുതഞ്ഞ മലകള്‍ക്കിടയില്‍ വയലുകളും കുന്നുകളും വനഭംഗികളും തിലകക്കുറിയായി ചരിത്രസ്മാരകങ്ങളും തടാകങ്ങളും. ഇതിനിടയില്‍ തനിമ മാറാത്ത ഗ്രാമങ്ങള്‍. വയനാടിന്റെക്കുറിച്ച് വര്‍ണ്ണിക്കുകയാണെങ്കില്‍ ഇവിടെ അവസാനിക്കില്ല. കുളിരു പകരുന്ന ഈ ഭൂമിയിലേക്കു സഞ്ചാരികളുടെ പ്രവാഹമാണ്. ഭൂപ്രകൃതിയും സുഖകരമായ കാലാവസ്ഥയും കൊണ്ട് അനുഗ്രഹീത ഭൂമി. കര്‍ണ്ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുമായി കേരളം അതിര്‍ത്തി പങ്കിടുന്ന വയനാട് ജില്ല വിനോദസഞ്ചാരികളുടെ ഇഷ്ടതാവളമാണ്. വിദേശികളും സ്വദേശികളുമടക്കം നിരവധിപ്പേരാണ് വയനാടിന്റെ പ്രകൃതിഭംഗി ആസ്വദിക്കാന്‍ ദിവസവും എത്തിച്ചേരുന്നത്. തിരക്കുകളുടെ ലോകത്തുനിന്നും ഒരു ഇടവേള ആഗ്രഹിക്കുന്നവര്‍ക്ക് ചുറ്റിക്കറങ്ങി രസിക്കാനുള്ളതെല്ലാം വയനാട്ടിലുണ്ട്.
എന്നാലിപ്പോള്‍ വയനാട് ജില്ല സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനും ആവുകയാണ്. വരും ദിവസങ്ങളില്‍ സൂപ്പര്‍ താരങ്ങളുടേതടക്കം 10 ഓളം സിനിമയുടെ ഷൂട്ടിങ്ങുകളാണ് ചുരം കയറുന്നത്. കാര്‍ഷിക മേഖല തകര്‍ന്നടിഞ്ഞ വയനാട്ടുകാര്‍ക്ക് പുതിയ പ്രതീക്ഷയാകുകയാണ് സിനിമ. ഒരു ചിത്രത്തിന്റെ ഷൂട്ടിങ് സംഘങ്ങള്‍ ഓരോ പ്രദേശത്തെത്തുമ്പോള്‍ കച്ചവടക്കാരും ടാക്സിക്കാരും ഉള്‍പ്പടെ ധാരാളം പേര്‍ക്കാണ് തൊഴിലല്‍ ലഭിക്കുന്നത്. പ്രകൃതിരമണീയമായ വയനാട് കൂടുതല്‍ സിനിമകള്‍ക്ക് പശ്ചാത്തലമാകുമ്പോള്‍ ഒട്ടേറെ പേര്‍ക്ക് അത് വരുമാനമാര്‍ഗം കൂടിയാകുന്നു.
ജില്ലയില്‍ ചിത്രീകരിച്ച സിനിമകള്‍ പച്ചതൊടുന്നില്ലെന്ന ആക്ഷേപം മാറ്റിയെഴുതി മിന്നല്‍മുരളി പ്രേക്ഷക മനസില്‍ ഇടംനേടിയപ്പോള്‍ വലിയ പ്രതീക്ഷയാണ് വയനാട്ടുകാര്‍ക്കുളളത്. കോവിഡ് കാരണം ജോലി നഷ്ടപ്പെട്ടവര്‍ക്ക് സിനിമ പുതിയ പ്രതീക്ഷയാണ് നല്‍കുന്നത്. പ്രദേശത്തെ കച്ചവടക്കാര്‍ക്കും ഓട്ടോ ടാക്സി തൊഴിലാളികള്‍ക്കുമെല്ലാം സിനിമയില്‍ നിന്നുളള വരുമാനം കിട്ടിത്തുടങ്ങുകയാണ്. സിനിമ ചിത്രീകരണത്തിനാവശ്യമായ സൗകര്യങ്ങളെല്ലാം ഒരുക്കി നല്‍കാന്‍ പ്രാദേശികരായ ആളുകളെയാണ് സിനിമാക്കാര്‍ സമീപിക്കുന്നത്. നിരവധിപേര്‍ക്ക് സിനിമയില്‍ മുഖം കാണിക്കാനുളള അവസരവും ലഭിക്കുന്നുണ്ട്. ആര്‍ട്, മേക്കപ്, ഫോട്ടോഗ്രാഫി തുടങ്ങി എല്ലാ മേഖലയിലുമുളള വയനാട്ടുകാര്‍ ഈ സിനിമകളുടെ ഭാഗമാകുന്നു. വരും ദിവസങ്ങളില്‍ സൂപ്പര്‍ താരങ്ങളുടേതടക്കം’ പത്തിലധികം സിനിമയുടെ ഷൂട്ടിങ്ങുകളാണ് ചുരം കയറുന്നത്, ഊട്ടിയും മൈസൂരും പോകാനുളള നിയന്ത്രണങ്ങള്‍ക്കൂടി മാറിയാല്‍ കൂടുതല്‍ സിനിമാ സംഘങ്ങള്‍ വയനാട്ടിലെത്തും. പ്രതീക്ഷയോടെ കാത്തിരിക്കുകയാണെല്ലാവരും.
അതേസമയം അമ്പലവയലും പരിസരപ്രദേശങ്ങളും രണ്ട് മലയാള സിനിമകളുടെ ലൊക്കേഷനാണ് ഇപ്പോള്‍. ജോജു ജോര്‍ജും ചെമ്പന്‍ വിനോദും പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയുടെ ചിത്രീകരണം പൊന്‍മുടി കോട്ടയില്‍ പുരോഗമിക്കുയാണ്. അമിത് ചക്കാലക്കലും കലാഭവന്‍ ഷാജോണും കേന്ദ്രകഥാപാത്രങ്ങളാകുന്ന കുറ്റാന്വേഷണ ചിത്രം കാര്‍ഷിക ഗവേഷണകേന്ദ്രത്തിലുമാണ് പുരോഗമിക്കുന്നത്. ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളി മനസ് കീഴടക്കിയ ജോജു ജോര്‍ജ്-ചെമ്പന്‍ വിനോദ് കൂട്ടുകെട്ടില്‍ തയ്യറാകുന്ന പുതിയ ചിത്രമായ ‘പുലിമടയുടെ’ ചിത്രീകരണമാണ് അമ്പലവയല്‍ പൊന്‍മുടികോട്ട പ്രദേശങ്ങളില്‍ പുരോഗമിക്കുന്നത്.
അമിത് ചക്കാലയ്ക്കല്‍, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ കേന്ദ്രകഥാപാത്രമാകുന്ന കുറ്റാന്വേഷണ ചിത്രം ‘അസ്ത്ര’ ത്തിന്റെ ഷൂട്ടിങ്ങും അമ്പലവയല്‍ കാര്‍ഷിക ഗവേഷണകേന്ദ്രത്തിലും സമീപ പ്രദേശങ്ങളിലുമാണ് ചിത്രീകരിക്കുന്നത്. കൂടുതല്‍ ഭാഗവും വയനാട്ടില്‍ ചിത്രീകരിച്ച മിന്നല്‍ മുരളി വലിയ ഹിറ്റായി മാറിയതോടെ വയനാടും സിനിമയുടെ ഭാഗ്യലൊക്കേഷനായി മാറുന്നത്. വയനാട്ടില്‍ ചിത്രീകരിച്ച സിനിമകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നുവെന്ന ആക്ഷേപവും പതിയെ മായുകയാണ്. സിനിമകളില്‍ ജൂനിയര്‍ ആര്‍ടിസ്റ്റുകളായും സിനമിയുടെ മറ്റ് മേഖലകളിലും അമ്പലവയലിലെ ഒട്ടേറെ കലാകാരന്‍മാര്‍ക്കാണ് അവസരം കിട്ടുന്നത്. കോവിഡ് ഒമിക്രോണ്‍ പ്രതിസന്ധി തുടരുന്നതിനാല്‍ നിയന്ത്രണങ്ങളോടെയാണ് സിനിമാ ചിത്രീകരണം പ്രദേശങ്ങളില്‍ പുരോഗമിക്കുന്നത്.