അമ്പലവയലിലെ ആയിരംകൊല്ലിയിലുണ്ടായ കൊലപാതകത്തിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. 68 കാരനായ മുഹമ്മദിനെ അമ്മയും മക്കളും ചേര്‍ന്ന് കൊലപ്പെടുത്തി എന്ന വാര്‍ത്തയാണ് കഴിഞ്ഞദിവസം പുറത്തു വന്നത്. വീടിനു സമീപത്തെ കുഴിയില്‍ ചാക്കില്‍ക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. മുറിച്ചുമാറ്റിയ കാലിന്റെ ഭാഗം മൂന്നുകിലോമീറ്റര്‍ മാറി അമ്പലവയല്‍ ടൗണില്‍ നിന്നാണ് കണ്ടെത്തിയത്.
വയോധികന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ ഇന്ന് തെളിവെടുപ്പിനെത്തിച്ചിരുന്നു. അമ്മയെയും പെണ്‍കുട്ടികളെയും കൊല നടന്ന ആയിരംകൊല്ലിയിലെ വീട്ടിലും പരിസരങ്ങളിലുമെത്തിച്ചായിരുന്നു പ്രധാന തെളിവെടുപ്പ്. ബന്ധുവായ മുഹമ്മദിനെ കൊല്ലാന്‍ ഉപയോഗിച്ച കോടാലിയും വാക്കത്തിയും കണ്ടെടുത്തു. കനത്ത പോലീസ് സുരക്ഷയിലാണ് അമ്മയെയും രണ്ട് പെണ്‍കുട്ടികളെയും കൊല നടന്ന അമ്പലവയലിലെ വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചത്. പെണ്‍കുട്ടികളെ പുറത്ത് നിര്‍ത്തി ആദ്യം അമ്മയെ വീട്ടിലേക്ക് കൊണ്ടുപോയി.
അമ്മയെ ഉപദ്രവിക്കുന്നതുകണ്ട കുട്ടികള്‍ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ ഇയാളെ കോടാലികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ചാക്കില്‍ കെട്ടിയ മൃതദേഹം ഇവര്‍ താമസിച്ചിരുന്ന വീടിന് സമീപത്തെ കുഴിയിലാണ് കൊണ്ടിട്ടത്. ഇതിനുശേഷം കുട്ടികള്‍ അമ്പലവയല്‍ പോലീസ് സ്റ്റേഷനിലെത്തി വിവരം പറയുകയായിരുന്നു. തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ഉപയോഗിച്ച കോടാലിയും മുഹമ്മദിന്റെ വലത് കല്‍ മുറിച്ചുമാറ്റാന്‍ ഉപയോഗിച്ച വാക്കത്തിയും വീട്ടിലെ മുറിയില്‍ നിന്ന് കണ്ടെടുത്തു. മുഹമ്മദിന്റെ മൊബൈല്‍ ഫോണും കണ്ടെത്തി. കൊല നടത്തി മുറിച്ചു മാറ്റിയ വലതുകാല്‍ അമ്പലവയല്‍ ടൗണിനടുത്തുള്ള മാലിന്യ പ്ലാന്റിന് സമീപവും മൊബൈല്‍ ഫോണ്‍ മ്യൂസിയം പരിസരത്തുമാണ് ഉപേക്ഷിച്ചത്.
3 പേരുടെയും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കല്‍പ്പറ്റ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിലും, അമ്മയെ ബത്തേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലുമാണ് ഹാജരാക്കുക. ജില്ല പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ കല്‍പ്പറ്റ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. എന്നാല്‍ കുട്ടികള്‍ തനിച്ച് കൊലപാതകം ചെയ്യില്ലെന്നും പെണ്‍കുട്ടികളുടെ അമ്മ രോഗിയാണെന്നും അതുകൊണ്ട് തന്നെ ഇവര്‍ തനിച്ചാണ് ഇത് ചെയ്തതെന്ന് പറയുന്നത് നുണയാണെന്നും കൊല്ലപെട്ട മുഹമ്മദിന്റെ ഭാര്യ സക്കീന ആരോപിക്കുന്നു.
എന്നാല്‍ കൊലപാതകത്തില്‍ പുതിയ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം. കൃത്യത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കും. മുഹമ്മദിന്റെ ഭാര്യ സക്കീന ഉന്നയിച്ച ആരോപണങ്ങളും അന്വേഷണ സംഘം പരിശോധിക്കും. മുഹമ്മദിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.