ബധിര – മൂക യുവാവിനെ മര്‍ദ്ധിച്ചു; എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
മാനന്തവാടി ടൗണില്‍ എസ്ഡിപിഐ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ബധിര – മൂക യുവാവിനെ മര്‍ദ്ധിച്ചു. കേസില്‍ 4 എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മക്കിയാട് 12- ആം മൈല്‍ ചെറിയണ്ടി വീട്ടില്‍ ഇബ്രാഹിം (43) എടവക 2/4 താഴത്ത് വീട്ടില്‍ സൈനുദ്ധീന്‍ (32) കാരക്കാമല കല്ലങ്കണ്ടി വീട്ടില്‍ യൂനസ് (30) എന്നിവരെയാണ് മാനന്തവാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ കരീം, എസ് ഐ ബിജു ആന്റണി എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.
ഇവര്‍ക്കെതിരെ മര്‍ദ്ദനത്തിനും, ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷവുമായി ബന്ധപ്പെട്ട നിയമം ( The Rights of Persons with Disabilities – RPwD) നിയമപ്രകാരവുമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംഭവം നടന്ന പരിസരത്തെയും മറ്റും സിസിടിവി ദൃശ്യങ്ങളും, ഫോട്ടോകളും പരിശോധിച്ചാണ് പോലീസ് പ്രതികളെ കണ്ടെത്തിയത്. ആലപ്പുഴയിലെ എസ്ഡിപിഐ നേതാവായ കെഎസ് ഷാനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു. മാനന്തവാടി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തിയത്.
ഈ സമയം ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്ന് ഫോണില്‍ വീഡിയോ കാള്‍ ചെയ്യുകയായിരുന്ന ബധിരനും മൂകനുമായ യുവാവ് പ്രകടനത്തിന്റെ വീഡിയോ ഫോണില്‍ ചിത്രീകരിക്കുന്നതാണെന്ന് തെറ്റിദ്ധരിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഇയാളെ മര്‍ദ്ധിക്കുകയായിരുന്നെന്നാണ് പറയപ്പെടുന്നത്.