കല്‍പ്പറ്റ: കോടതി ഉത്തരവിന് ശേഷവും യോഗ്യത ഇല്ലാത്ത ആളുകള്‍ പാരമ്പര്യ, നാട്ടുവൈദ്യം തുടങ്ങിയ പേരുകളില്‍ വ്യാജ ചികിത്സ നടത്തുന്നതായി ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ വയനാട് ജില്ലാ കമ്മറ്റി. കേരളത്തില്‍ നിലവിലുള്ള മെഡിക്കല്‍ നിയമങ്ങള്‍ അനുസരിച്ച് തിരു-കൊച്ചി മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഇല്ലാത്ത ആരും തന്നെ ചികിത്സിക്കാന്‍ അര്‍ഹരല്ലെന്ന് കോടതി ഉത്തരവുണ്ട്. എന്നാല്‍ നൂറ് കണക്കിന് ആളുകള്‍ വയനാട്ടില്‍ അനുമതി ഇല്ലാതെ ചികിത്സ നല്‍കി വരുന്നുണ്ടെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
പാരമ്പര്യ വൈദ്യത്തിന്റെ പേരില്‍ ചികിത്സിക്കുന്നവര്‍ ചികിത്സാ തട്ടിപ്പ് നടത്തുന്നവരാണെന്നും ഇവരുടെ ചികിത്സ മൂലം ആളുകളുടെ ജീവന്‍ അപകടത്തിലാണെന്നും അത് തടയേണ്ടത് സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണെന്നും സുപ്രിം കോടതി വിധിയില്‍ പറയുന്നുണ്ട്. യഥാര്‍ഥ പാരമ്പര്യ വൈദ്യന്മാരെ കേരളത്തില്‍ മെഡിക്കല്‍ നിയമങ്ങള്‍ വന്ന സമയത്ത് ‘ബി’ക്ലാസ്സ് രജിസ്ട്രേഷന്‍ നല്‍കി സംരക്ഷിച്ചിട്ടുണ്ട്. നിയമങ്ങള്‍ നിലനില്‍ക്കെ പാരമ്പര്യ വൈദ്യം, മര്‍മ ചികിത്സ, നാട്ടുവൈദ്യം, ആദിവാസി വൈദ്യം, പച്ചമരുന്ന് ചികിത്സ എന്നിങ്ങനെ പല പേരുകളില്‍ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും വീടുകളിലും റിസോര്‍ട്ടുകളിലുമായി വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ യോഗ്യത ഇല്ലാത്ത ആളുകള്‍ ചികിത്സ നടത്തുന്നുണ്ട്.
ആശ വര്‍ക്കര്‍മാര്‍ അടക്കമുള്ള ആളുകളും ഈ മേഖലയില്‍ യാതൊരു പരിചയവുമില്ലാത്ത ആളുകളും ആയുഷ് പ്രീമിയം സര്‍ട്ടിഫിക്കറ്റ് ഉള്ള വെല്‍നെസ് പ്രോഡക്ടുകള്‍ എന്ന പേരില്‍ ആയുര്‍വേദ മരുന്നുകള്‍ കൂടിയ വിലക്ക് കമ്മീഷന്‍ വ്യവസ്ഥയില്‍ എത്തിച്ചു നല്‍കുന്നതായും കാണുന്നു. ഇതും വ്യാജ ചികിത്സയുടെ മറ്റൊരു പതിപ്പാണ്. ഇത് സംബന്ധിച്ച് വിശദമായ വിവരങ്ങളടങ്ങുന്ന ഡാറ്റ കലക്ടര്‍, എസ് പി എന്നിവര്‍ക്ക് കൈമാറുമെന്നും അവര്‍ അറിയിച്ചു. എ എം എ ഐ സംസ്ഥാന സെക്രട്ടറി ഡോ. പി ആര്‍ രാജ്മോഹന്‍, ജില്ലാ പ്രസിഡന്റ് ഡോ. ലിഷിത സുജിത്ത്, സെക്രട്ടറി ഡോ. എം രജീഷ്, എക്സിക്യൂട്ടിവ് മെമ്പര്‍മാരായ ഡോ. കെ പി വിനോദ് ബാബു, ഡോ. കെ എം മുഹമ്മദ് റാസി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.