നൂല്‍പ്പുഴ കല്ലൂര്‍ 67- പണപ്പാടി- കാളിച്ചിറ റോഡ് നന്നാക്കാന്‍ നടപടിയില്ല; നൂറോളം കുടുംബങ്ങള്‍ പുറംലോകത്തെത്താന്‍ ആശ്രയിക്കുന്നത് യാത്രായോഗ്യമല്ലാത്ത മണ്‍പാത.മഴപെയ്താല്‍ ചളിക്കുളമാകുന്ന റോഡിലൂടെ കാല്‍നടയാത്ര പോലും സാധ്യമല്ല.പണപ്പാടി വഴി കാളിച്ചിറയിലേക്കുള്ള രണ്ടരകിലോമീറ്റര്‍ ദൂരം വരുന്ന റോഡാണ് പതിറ്റാണ്ടുകളായിട്ടും അധികൃതരുടെ അവഗണനകാരണം ശാപമോക്ഷം കിട്ടാതെ കിടക്കുന്നത്.ദുരിത യാത്രയ്ക്ക് അറുതി വരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം
ദേശീയപാത 766കടന്നുപോകുന്ന കല്ലൂര്‍ 67ല്‍ നിന്നും പണപ്പാടി വഴി കാളിച്ചിറയിലേക്കുള്ള രണ്ടരകിലോമീറ്റര്‍ ദൂരംവരുന്ന റോഡ് പതിറ്റാണ്ടുകളായിട്ടും അധികൃതരുടെ അവഗണനകാരണം ശാപമോക്ഷം കിട്ടാതെ കിടക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പഞ്ചായത്ത് ഫണ്ട് ദേശീയപാതയോട് ചേര്‍ന്നുള്ള ഭാഗം നൂറ് മീറ്റര്‍ ദൂരം ഇരുവശവും കെട്ടി തൊഴിലുറപ്പില്‍ മണ്ണിടുക മാത്രമാണ് ചെയ്തത്.
മഴപെയ്താല്‍ ചളിക്കുളമാകുന്ന റോഡിലൂടെ കാല്‍നടയാത്ര പോലും സാധ്യമല്ല. റോഡിലെ വന്‍ഗര്‍ത്തങ്ങള്‍ കാരണം വേനലിലും വാഹനങ്ങള്‍ക്ക് ഇതുവഴി എത്താറില്ല. പണപ്പാടി – കാളിച്ചിറ ഭാഗങ്ങളിലെ നായ്ക്ക, കുറുമ, ഊരാളി ഗോത്രകോളനികളിലെയും ജനറല്‍ വിഭാഗങ്ങളിലെയുമടക്കം 100-ാളം കുടുംബങ്ങളാണ് ഈ റോഡിനെ ആശ്രയിച്ച് കഴിയുന്നത്. വയനാട് വന്യജീവിസങ്കേതത്തിന് സമീപത്തെ ലീസ് ഭൂമിയിലാണ് കുടുംബങ്ങള്‍ താമിസിക്കുന്നത്. ലീസ് ഭൂമിയിലൂടെതെന്നയാണ് പണപ്പാടി – കാളിച്ചിറ ഭാഗത്തേക്ക് മണ്‍പാതയും കടന്നുപോകുന്നത്.
ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട പാത സഞ്ചാരയോഗ്യമല്ലാത്തതിനാല്‍, പ്രദേശത്ത് ആര്‍ക്കെങ്കിലും അസുഖമായാല്‍ ആശുപത്രിയിലെത്തിക്കാന്‍ വിളിച്ചാല്‍ വാഹനങ്ങള്‍ക്ക് ഇതുവഴി വരാന്‍സാധിക്കില്ല. ഇതുകാരണം ആളുകളെ കസേരയില്‍ ഇരുത്തിയോ കമ്പുകള്‍ കൂ്ട്ടികെട്ടി അതില്‍ ഇരുത്തിയോ ചുമന്ന് ദേശീയപാതയില്‍ എത്തിക്കേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍. പതിറ്റാണ്ടുകളായി ഒരു പ്രദേശം അനുഭവിക്കുന്ന യാത്രപ്രശ്നത്തിന് ഇനിയെങ്കിലും പരിഹാരം കാണണമെന്നാണ് ആവശ്യമുയരുന്നത്.