ഒമൈക്രോണ്‍ ഭീഷണി; കേന്ദ്രസംഘം കേരളത്തിലേക്ക്

0

ഒമൈക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രസംഘം കേരളത്തിലേക്ക്. രാജ്യത്ത് കോവിഡ് വ്യാപനം കൂടിയ കേരളം അടക്കം 10 സംസ്ഥാനങ്ങളിലാണ് കേന്ദ്രസംഘമെത്തുക. കേന്ദ്ര ആരോഗ്യമന്ത്രാലയം ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം. കോവിഡ് വ്യാപനം വര്‍ധിച്ചതും, ഒമൈക്രോണ്‍ കൂടുതല്‍ സ്ഥിരീകരിച്ചതുമായ സംസ്ഥാനങ്ങളാണ് പട്ടികയിലുള്ളത്.

വാക്സിനേഷന്‍ കുറഞ്ഞ സംസ്ഥാനങ്ങളിലും കേന്ദ്രസംഘം സന്ദര്‍ശനം നടത്തും. അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിലും കേന്ദ്രസംഘം സന്ദര്‍ശനം നടത്തുന്നുണ്ട്. കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, പശ്ചിമബംഗാള്‍, മിസോറാം, കര്‍ണാടക, ബിഹാര്‍, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് വിദഗ്ധസംഘമെത്തുക.

ഒമൈക്രോണ്‍ വ്യാപനം

രാജ്യത്ത് ഒമൈക്രോണ്‍ വ്യാപനം വര്‍ധിക്കുകയാണ്. കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ബാധിച്ചവരുടെ എണ്ണം 400 കടന്നു. ഇന്ത്യയില്‍ ഇതുവരെ 415 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ ബാധിതരുള്ളത്. 108 പേര്‍. ഡല്‍ഹിയില്‍ 79 ഉം ഗുജറാത്തില്‍ 43 പേര്‍ക്കും ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. തെലങ്കാനയില്‍ 38, കേരളം 37, തമിഴ്നാട് 34, കര്‍ണാടക 31, രാജസ്ഥാന്‍ 22, ഹരിയാന, ആന്ധ്രപ്രദേശ്, ഒഡീഷ നാലുവീതം, പശ്ചിമബംഗാള്‍, ജമ്മുകശ്മീര്‍ മൂന്നു വീതം, ഉത്തര്‍പ്രദേശ് രണ്ടുപേര്‍ എന്നിങ്ങനെയാണ് ഒമൈക്രോണ്‍ രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

Leave A Reply

Your email address will not be published.

error: Content is protected !!