പടിഞ്ഞാറത്തറ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിന് പുതിയകെട്ടിടം വേണം
അഞ്ഞൂറോളം കുട്ടികള്‍ പഠിക്കുന്ന പടിഞ്ഞാറത്തറ ഗവണ്‍മെന്റ് എല്‍.പി സ്‌ക്കൂളില്‍ പുതിയ കെട്ടിടം വേണമെന്ന ആവശ്യം ശക്തമാകുന്നു.അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതി വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും ബുദ്ധിമുട്ടിലാക്കുകയാണ്.വളരെ പഴക്കം ചെന്ന സ്‌കൂളുകളിലൊന്നാണ് പടിഞ്ഞാറത്തറ എല്‍.പി സ്‌ക്കൂള്‍.അഞ്ഞൂറോളം കുട്ടികള്‍ പഠിക്കുന്ന ഈ സ്‌ക്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒന്നും തന്നെ ഇല്ല.പ്രി. പ്രൈമറി നിലവില്‍ ഈ സ്‌ക്കൂളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 150 കുട്ടികള്‍ അഡ്മിഷന്‍ എടുത്തെങ്കിലും ക്ലാസ് ആരംഭിച്ചാല്‍ ഇവര്‍ക്ക് പഠിക്കാന്‍ ക്ലാസ് റൂമോ, പ്ലേ ഗ്രൗണ്ടോ ഇല്ല. ആകെ പന്ത്രണ്ട് ക്ലാസ് റൂമുകളാണ് ഈ പഴയ കെട്ടിടത്തിലുള്ളത്. പല കെട്ടിടത്തിനും വിള്ളലും വീണിട്ടുണ്ട്. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ക്ലാസ് മുറികളോ, ബാത്ത് റൂമോ ഇവിടെ ഇല്ല. നിലവിലുള്ള കുട്ടികളുടെ എണ്ണമനുസരിച്ച് 20 ക്ലാസ് മുറികളെങ്കിലും അത്യാവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട് പല തവണ അധികാരികള്‍ക്ക് അപേക്ഷകള്‍ നല്‍കിയെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.വളരെ മികച്ച രീതിയില്‍ മുന്നോട്ടു പോകുന്ന ഈ സ്‌ക്കൂളിന്റെ പരിമിതികള്‍ മനസിലാക്കി എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള പുതിയ കെട്ടിടം നിര്‍മ്മിച്ചു നല്‍കണമെന്നാണ് നാട്ടുകാരും സ്‌ക്കൂള്‍ അധികൃതരും ആവശ്യപ്പെടുന്നത്.