ശാരീരികാസ്വസ്ഥത 16 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ശാരീരികാസ്വസ്ഥത കാരണം നല്ലൂര്‍നാട് ഡോ.അംബേദ്കര്‍ മോഡല്‍ റസിഡെന്‍ഷ്യല്‍ സ്‌കൂളിലെ 16 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10.30 തോടെയാണ് വിദ്യാര്‍ത്ഥികളെ വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ വകുപ്പ് അധികൃതര്‍ സ്‌കൂളിലെത്തി പരിശോധന നടത്തി.ഭക്ഷ്യ വിഷബാധയല്ലെന്ന് ആരോഗ്യ വകുപ്പ്.രാവിലെ അസംബ്ലി കൂടുമ്പോള്‍ ഒരു കുട്ടിക്ക് അസ്വസ്ഥത ഉണ്ടാവുകയും പിന്നീട് മറ്റ് കുട്ടികളും ശാരീരികാസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മറ്റു കൂട്ടികളെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കുട്ടികള്‍ കഴിച്ച ഭക്ഷണസാധനങ്ങളുടെ സാമ്പിള്‍ പരിശോധനക്കയച്ചിട്ടുണ്ട്. ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡി എം ഒ പറഞ്ഞു.വിദ്യാര്‍ത്ഥികള്‍ ഇഡ്ഡലിയും ചട്ണിയും ബിസ്‌ക്കറ്റുമാണ് രാവിലെ കഴിച്ചത്. 6, 7, 10 ക്ലാസ്സുകളില്‍ പഠിക്കുന്നവരാണ് എല്ലാവരും. ഡി.എം.ഒ. ഡോ.സക്കീന മെഡിക്കല്‍ കോളേജിലെത്തി സ്ഥതിഗതികള്‍ വിലയിരുത്തി. ഭക്ഷ്യസുരക്ഷാ വകുപ്പ്, ആരോഗ്യ വകുപ്പ് അധികൃതരും സ്‌കൂളിലെത്തി.ഇന്നലെ അവധി ദിവസമായതിനാല്‍ കുട്ടികളെ കാണാന്‍ രക്ഷിതാക്കള്‍ വന്നപ്പോള്‍ കൊണ്ടുവന്ന ഭക്ഷണ സാധനങ്ങളാണോ ശാരീരികാസ്വസ്ഥത ഉണ്ടാകാന്‍ കാരണമായതെന്ന് സംശയമുണ്ട്. കുട്ടികള്‍ കഴിച്ച കപ്പ, ചിപ്സ് പോലുള്ള ഭക്ഷണസാധനങ്ങളും പരിശോധനക്കയച്ചതായി ഡി എം ഒ പറഞ്ഞു