അമ്പലവയലില്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച നീസന്‍ ഹട്ടുകള്‍ അതികൃതരുടെ അനാസ്ഥ മൂലം നശിക്കുന്നു. എട്ടെണ്ണമുണ്ടായിരുന്നവയില്‍ അവശേഷിക്കുന്നത് രണ്ടെണ്ണം മാത്രമാണ്. തകര്‍ന്നു വീഴാറായ ഈ കെട്ടിടം നവീകരിച്ച് ടൂറിസത്തിന് ഉപയോഗിക്കണമെന്നാണ്് ആവശ്യമുയരുന്നത്. തെരുവുനായകളുടേയും സാമൂഹികവിരുദ്ധരുടെ താവളമാണ് ഇപ്പോള്‍ ഇവിടം.
ജില്ലയില്‍ മലമ്പനി പടര്‍ന്നുപിടിച്ച കാലത്ത് മരുന്നുകള്‍ സൂക്ഷിക്കുന്നതിനാണ് ബ്രിട്ടീഷുകാര്‍ നീ സന്‍ ഹട്ടുകള്‍ നിര്‍മ്മിച്ചത്. പില്‍ക്കാലത്ത് പ്രാഥമിക വിദ്യാഭ്യാസം നല്‍കുന്നതുള്‍പ്പടെ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഉപയോഗശൂന്യമാണ്. അമ്പലവയലിലെ പൈതൃക മ്യൂസിയത്തിന് തൊട്ടുടത്താണ് ആകൃതികൊണ്ട് വ്യത്യസ്തമായ നീസണ്‍ ഹട്ടുകള് സ്ഥിതിചെയ്യുന്നത്. പുരാവസ്തുവകുപ്പ് ഏറ്റെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും അതും വിജയിച്ചില്ല. അവശേഷിക്കുന്ന രണ്ട് ഹട്ടുകള്‍ നവീകരിച്ചാല്‍ല്‍ വിനോദസഞ്ചാര സാധ്യതകള്‍ വര്‍ധിക്കും.
പതിറ്റാണ്ടുകളായി ഉപയോഗശൂന്യമായ കെട്ടിടത്തില്‍ ഇപ്പോള്‍ മദ്യപരും സാമൂഹികവിരുദ്ധരും തമ്പടിക്കുകയാണ്. ഒഴിഞ്ഞ മദ്യക്കുപ്പികള്‍, ലഹരി വസ്തുകളുടെ പാക്കറ്റുകള്‍ മറ്റു മാലിന്യങ്ങള്‍ എന്നിവയൊക്കെയാണ് ഉളളിലെ കാഴ്ചകള്‍. കെട്ടിടത്തിന്റെ മേല്‍ക്കൂരയിലെ ഷീറ്റുകളും വാതിലുകളും ഇളകിമാറിയ അവസ്ഥയിലാണ്. ചരിത്രസ്മാരകമായി സൂക്ഷിക്കേണ്ട കെട്ടിടങ്ങളാണ് ആര്‍ക്കും വേണ്ടാതെ കിടക്കുന്നത്.