ജില്ലയിലെ ഗോത്ര ജനതയുടെ പച്ചയായ ജീവിതം; ഇഞ്ച വരുന്നു… ജില്ലാ കളക്ടറും സിനിമയില്‍

0

പോക്‌സോ നിയമം നിലവില്‍ വന്ന ശേഷം ഇരകളും പ്രതികളുമായ ഗോത്ര ജനതയുടെ ജീവിതം പ്രമേയമാക്കി രാജ്യത്ത് ആദ്യമായി സര്‍ക്കാര്‍ സംവിധാനങ്ങളുടെ കൂട്ടായ്മയില്‍ ഒരു സിനിമ ഒരുങ്ങുന്നു. ഇഞ്ച എന്ന് പേരിട്ട ചിത്രത്തിന്റെ ആദ്യ ഗാനം റിലീസിംഗ് നടത്തുന്നതാകട്ടെ ഹൈക്കോടതി ജഡ്ജിയും. വയനാട് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയാണ് സിനിമ നിര്‍മ്മിക്കുന്നതെന്ന് ജില്ലാ ആന്റ് സെഷന്‍സ് ജഡ്ജി എ .ഹാരിസ് കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പോക്‌സോ നിയമം നിലവില്‍ വന്ന ശേഷം വയനാട് ജില്ല ഉള്‍പ്പടെ ഗോത്ര ജനത കൂടുതലായി അധിവസിക്കുന്ന പ്രദേശങ്ങളില്‍ നിന്ന് ധാരാളം ആദിവാസി യുവാക്കള്‍ ജയിലിലടക്കപ്പെട്ടിട്ടുണ്ട്. ഗോത്ര ആചാര പ്രകാരം വിവാഹം കഴിച്ച് 18 വയസ്സിന് മുമ്പ് യുവതി പ്രസവിക്കുന്ന സംഭവങ്ങള്‍ ഡോക്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഭര്‍ത്താവ് പോലീസ് കസ്റ്റഡിയിലാവുകയും പിന്നീട് ജയിലിലടക്കപ്പെടുകയുമാണ് പതിവ്. ഈ കുടുംബം മാനുഷിക പരിഗണന അര്‍ഹിക്കുന്നുണ്ടങ്കിലും പലപ്പോഴും നിയമം അനുസരിച്ച് ജയിലിലടക്കാതെ മാര്‍ഗ്ഗമില്ല. ഇത്തരം കേസുകള്‍ വര്‍ദ്ധിച്ച് വരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സമുദായാചാരപ്രകാരമുള്ള ശൈശവ വിവാഹത്തിനെതിരെ ബോധവല്‍ക്കരണ പരിപാടികള്‍ ആരംഭിച്ചത്. ഇതിന്റെ ഭാഗമായാണ് 16 ലക്ഷം രൂപ ചിലവില്‍ 46 മിനിട്ട് ദൈര്‍ഘ്യമുള്ള സിനിമ നിര്‍മ്മിക്കുന്നത്.

ജില്ലാ കലക്ടര്‍ എ ഗീത, ജില്ലാ ആന്റ് സെഷന്‍സ് ജഡ്ജി എന്നിവരുള്‍പ്പടെ പലരും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ആധുനിക റെഡ് ക്യാമറകള്‍ ഉപയോഗിച്ച് 14 ദിവസം കൊണ്ടാണ് സിനിമ ചിത്രീകരിച്ചത്. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ കെ.രാജേഷിന്റെതാണ് കഥ. ഭാസ്‌കരന്‍ ബത്തേരിയാണ് തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചത്. സിനിമയുടെ ആദ്യ ഗാനമാണ് ഞായറാഴ്ച നടക്കുന്ന ചടങ്ങില്‍ റിലീസ് ചെയ്യുന്നത്. രാവിലെ 10. 30ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റി എക്‌സിക്യൂട്ടീവ് ചെയര്‍മാനും ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.

ജില്ലാ കലക്ടര്‍ എ ഗീത മുഖ്യാതിഥിയായിരിക്കും. കെല്‍സ മെമ്പര്‍ സെക്രട്ടറി ജില്ലാ ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദ് മുഖ്യ പ്രഭാഷണവും ജില്ലാ പോലീസ് മേധാവി ഡോ. അരവിന്ദ് കുമാര്‍ പ്രത്യേക പ്രഭാഷണവും നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി ഭാരവാഹികള്‍ക്കൊപ്പം ഐ.ടി. ഡി.പി. ഓഫീസര്‍ കെ.സി. ചെറിയാനും സംവിധായകന്‍ ഭാസ്‌കരന്‍ ബത്തേരിയും പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!