ഡിസംബറില്‍ നടക്കാറുള്ള കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്‌കെ) മാറ്റി. 2022 ഫെബ്രുവരി 4 മുതല്‍ 11 വരെയാണു പുതിയ തീയതി. മേളയുടെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
എല്ലാവര്‍ഷവും ഡിസംബറിലാണ് ചലച്ചിത്രമേള നടന്നിരുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ജൂലൈയില്‍ നടത്താന്‍ കഴിയാതിരുന്ന രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള ഡിസംബറില്‍ നടത്തേണ്ടിവന്നതും തിയറ്ററുകള്‍ സജ്ജമല്ലാത്തതുമാണു മേള അടുത്തവര്‍ഷത്തേയ്ക്കു മാറ്റാനിടയാക്കിയതെന്നാണു വിശദീകരണം. തിരുവനന്തപുരത്തെ പന്ത്രണ്ടോളം തിയറ്ററുകളിലായാണു മേള.
രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള ഡിസംബര്‍ 9 മുതല്‍ 14 വരെ തിരുവനന്തപുരം ഏരീസ് പ്ലക്‌സ് എസ്എല്‍ തിയറ്റര്‍ കോംപ്ലക്‌സിലെ നാല് സ്‌ക്രീനുകളില്‍ നടക്കും. മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കനുസൃതമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും മേളകള്‍ സംഘടിപ്പിക്കുക.