ബാറുകളും ക്ലബ്ബുകളും, ബിയര്‍ വൈന്‍ പാര്‍ലറുകളും തുറക്കാന്‍ അനുമതി നല്‍കി ചീഫ് സെക്രട്ടറി ഉത്തരവിറക്കി. ബിവറേജസ് ഷോപ്പ് ഔട്ട്‌ലെറ്റുകള്‍ രാവിലെ പത്ത് മുതല്‍ രാത്രി ഒന്‍പത് വരെ തുറക്കും. കര്‍ശനമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ബാറുകള്‍ തുറക്കുക.കൊവിഡ് സാഹചര്യത്തിലാണ് ബാറുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
പിന്നീട് കൗണ്ടറുകള്‍ വഴി മദ്യം പാഴ്സലായി വിതരണം ചെയ്യാന്‍ അനുമതി നല്‍കി. ബാറുകളിലിരുന്ന് മദ്യപിക്കാന്‍ സൗകര്യം നല്‍കണമെന്ന് ബാറുടമകള്‍ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. മറ്റു പല സ്ഥാപനങ്ങള്‍ക്കും ഇളവുകള്‍ നല്‍കിയ പശ്ചാത്തലത്തില്‍ ബാറുകള്‍ തുറക്കാന്‍ അനുവദിക്കണമെന്നായിരുന്നു ഉടമകളുടെ ആവശ്യം.
അപേക്ഷ പരിഗണിച്ച എക്‌സൈസ് വകുപ്പ് ഇത് അംഗീകരിച്ചു ഫയല്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. ഇതു മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു. ഇതോടെ ഇന്ന് മുതല്‍ ബാറുകള്‍ തുറക്കാനുള്ള ഉത്തരവിറങ്ങി. ബാറുകള്‍, ക്ലബുകള്‍, ബിയര്‍/വൈന്‍ പാര്‍ലറുകള്‍, എയര്‍പോര്‍ട്ട് ലോഞ്ച് ബാര്‍, കള്ളുഷാപ്പുകള്‍ എന്നിവ നാളെ മുതല്‍ തുറക്കും. കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ഉത്തരവിലുണ്ട്.