ഹൃദയവും പല്ലും വേണോ.. സോഫ്റ്റ് ഡ്രിങ്കുകള്‍ ഒഴിവാക്കൂ..

0

അമമ്ളസ്വഭാവമുള്ള സോഫ്റ്റ് ഡ്രിങ്കുകള്‍ പതിവായി കഴിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്ക് ദന്തക്ഷയം ഉണ്ടാവാനുള്ള സാദ്ധ്യത ഏറെയാണ്. അഡ്‌ലയ്ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്. അവര്‍ നടത്തിയ ഗവേഷണത്തില്‍ വ്യക്തമായതാണിത്.

ഇത്തരം പാനീയങ്ങള്‍ കുടിച്ചാല്‍ മുപ്പത് സെക്കന്‍ഡിനുള്ളില്‍ തന്നെ പല്ലിന്റെ ഇനാമലിന് പ്രശ്‌നങ്ങളുണ്ടായിത്തുടങ്ങും. അമ്‌ള സ്വഭാവമുള്ള പാനീയങ്ങള്‍ കുടിച്ചശേഷം കിടന്നാല്‍ പലപ്പോഴും പല്ലുകടിക്കാറുണ്ട്. വയറ്റിലുള്ള പാനീയം തികട്ടി വരാതിരിക്കാനുള്ള ശരീരത്തിന്റെ പ്രതിരോധ പ്രവര്‍ത്തനമാണിത്. ഇതും പല്ലിന് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്.

സോഫ്റ്റ് ഡ്രിങ്കുകള്‍ പതിവായി കഴിക്കുന്നത് യുവാക്കളാണ്. ഇവ കുടിച്ചു കഴിഞ്ഞാല്‍ വായ വൃത്തിയാക്കാന്‍ ആരും മുതിരാറില്ല. ഏറ്റവും വലിയ പ്രശ്‌നമാണിത്. പാശ്ചാത്യ രാജ്യങ്ങളില്‍ ദന്തക്ഷയവുമായി ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം കൂടിവരികയാണ്. അതിനുള്ള പ്രധാന കാരണവും സോഫ്റ്റ് ഡ്രിങ്കുകളുടെ അമിത ഉപയോഗമാണ്.

പതിവായി സോഫ്റ്റ് ഡ്രിങ്കുകള്‍ കുടിക്കുന്നത് ഹൃദയാരോഗ്യത്തെ ബാധിക്കുമെന്നും പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. ഇത് പ്രധാനമായും കുട്ടികളെയാണ് ബാധിക്കുക. ചെറുപ്രായത്തില്‍ സോഫ്റ്റ് ഡ്രിങ്കുകള്‍ അമിതമായി ഉപയോഗിക്കുന്നത് അവരുടെ കണ്ണിന് പിന്നിലുള്ള ധമനികളെ ചുരുക്കുകയും അത് ഭാവിയില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകുകയും ചെയ്യും. തുടര്‍ന്ന് അത് ഹൃദയത്തെയും ബാധിക്കുന്നതിന് സാധ്യത കൂടുതലാണ്. കണ്ണുകള്‍ക്ക് പിന്നിലുള്ള ധമനികള്‍ പരിശോധിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ രക്തധമനി സിസ്റ്റം മുഴുവനും മനസ്സിലാക്കാന്‍ ആരോഗ്യ വിദഗ്ദ്ധര്‍ക്ക് കഴിയും.

Leave A Reply

Your email address will not be published.

error: Content is protected !!